ആഗ്ര: വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഇടപ്പെട്ടതിനെ തുടർന്ന് സ്ത്രീധനത്തിന്റെ പേരിൽ വീട്ടിൽ നിന്ന് ഇറക്കി വിട്ട റഷ്യക്കാരി ഓർഗയെ ഭർതൃമാതാവ് തിരികെ വിളിച്ചു. കേന്ദ്രമന്ത്രി സുഷമ സ്വരാജിന്‍റേയും ഉത്തർപ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന്‍റേയും ഇടപെടലാണ് യുവതിക്ക് ഭർതൃ വീട്ടിൽ പ്രവേശിക്കാൻ ഇടയൊരുക്കിയത്.
തങ്ങള്‍ക്ക് പോകാന്‍ മറ്റൊരു സ്ഥലമില്ലെന്നും ഭര്‍തൃമാതാവ് മാനസികമായി പീഡിപ്പിക്കുകയാണെന്നും സ്ത്രീധനം കൊണ്ടുവരാത്തതിന്റെ പേരില്‍ ഉപദ്രവിക്കുകയാണെന്നും യുവതി പരാതിപ്പെട്ടിരുന്നു. ഇതിന്റെ പേരിൽ വീടിനു മുന്നിലിരുന്ന് ഇവർ നിരാഹാര സമരവും നടത്തുകയുണ്ടായി. താൻ വിദേശിയായതിനാൽ അമ്മായിയമ്മയ്‌ക്ക് തന്നോട് വെറുപ്പാണെന്നും പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്ന് ഇവര്‍ പറയുന്നു.
എന്നാൽ സംഭവം മാധ്യമ ശ്രദ്ധ നേടിയതോടെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഉത്തർപ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിനെ അറിയിക്കുകയായിരുന്നു. തുടർന്ന് ഉത്തർപ്രദേശ് ഭരണകൂടം ഓർഗയുടെ ഭർതൃ വീട്ടുകാരുമായി സന്ധി സംഭാഷണം നടത്തി യുവതിയെയും കുഞ്ഞിനെയും ഭർത്താവിനെയും വീട്ടിൽ കയറ്റാൻ അനുമതി നേടുകയായിരുന്നു.
ഇത്തരത്തിലുള്ള പ്രശ്നങ്ങൾ രാജ്യത്തിന്റെ അന്തസ്സിനു പറ്റുന്നതല്ലെന്ന് സുഷമ സ്വരാജ് പറഞ്ഞു. ആഗോള തലത്തിൽ ഭാരതത്തിന്റെ അഭിമാനത്തിന് കോട്ടം തട്ടുന്നതാണ് ഇത്തരത്തിലുള്ള സംഭവങ്ങളെന്നും സുഷമ ട്വിറ്ററിൽ കുറിച്ചു. 2011ലാണ് റഷ്യക്കാരി ഓള്‍ഗ ആഗ്ര സ്വദേശിയായ വിക്രാന്ത് സിങ് ചന്ദേലിനെ വിവാഹം കഴിച്ചത്.
















