ന്യൂദൽഹി: ന്യൂദൽഹിയിലെ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ മണിപ്പൂർ യുവതിക്ക് വംശീയ അധിക്ഷേപം നേരിട്ടതായി പരാതി. തെക്കന്‍ കൊറിയയില്‍ നടക്കുന്ന ഒരു മീറ്റിംഗില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്ന മോണിക ഖാംഗെംബാനാണ് എമിഗ്രേഷന്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥനില്‍ നിന്ന് അധിക്ഷേപം നേരിട്ടത്.
എമിഗ്രേഷന്‍ വിഭാഗത്തില്‍ എത്തിയപ്പോള്‍ താന്‍ ഭാരത വംശജ തന്നയാണോ എന്ന് ഉദ്യോഗസ്ഥന്‍ ചോദിച്ചതായും ആണെന്നു പറഞ്ഞപ്പോള്‍ കണ്ടാല്‍ തോന്നില്ലെന്ന് ഉദ്യോഗസ്ഥന്‍ പരിഹസിച്ചതായും യുവതി പറയുന്നു. ഉദ്യോഗസ്ഥന്‍ തന്നോട് പല തരത്തിലുള്ള ചോദ്യങ്ങൾ ഉന്നയിക്കുകയും താൻ മറുപടി നൽകാതിരുന്നാൽ നിർബന്ധിച്ച് തന്നെക്കൊണ്ട് പറയിപ്പിക്കുകയും ചെയ്തുവെന്നും യുവതി ഫേസ്ബുക്കിൽ ഇട്ട പോസ്റ്റിൽ കുറിച്ചിട്ടുണ്ട്.
വിമാനത്താവളത്തിൽ തന്നെ വംശീയമായി അധിക്ഷേപിച്ച ഉദ്യോഗസ്ഥനെതിരെ ഏതു തരത്തിൽ പരാതിപ്പെടാനാകുമെന്നും മോണിക്ക ഫേസ്ബുക്കിൽ ചോദിക്കുന്നുണ്ട്. സംഭവം വിവാദമായതോടെ ഉദ്യോഗസ്ഥന്‍ ചെയ്ത കുറ്റത്തിന് വിദേശകാര്യ മന്ത്രി സുഷമ്മ സ്വരാജ് മോണിക്കയൊട് ക്ഷമാപണം നടത്തി. തെറ്റുകാരായ ഉദ്യോഗസ്ഥനെതിരെ നടപടി ഉടൻ എടുക്കുമെന്നും അവർ മോണിക്കയ്‌ക്ക് ഉറപ്പ് നൽകി.
















