ശ്രീനഗർ: കശ്മീർ സംഘർഷത്തെ തുടർന്ന് താൽക്കാലികമായി നിർത്തിവെച്ച അമർനാഥ് തീർത്ഥയാത്ര പുനരാരംഭിക്കാൻ നിർദ്ദേശം. കേന്ദ്രആഭ്യന്തരമന്ത്രി സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്തിയതിനെ തുടർന്നാണ് നിർദ്ദേശം നൽകിയത്.
ശനിയാഴ്ച സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ ബുർഹാൻ മുസാഫർവാനി കൊല്ലപ്പെട്ടതിനെ തുടർന്ന് സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും അക്രമം അഴിച്ചു വിട്ടിരുന്നു. ഇതിൽ 18 പേർ കൊല്ലപ്പെടുകയും 200 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ സുരക്ഷാകാരണങ്ങളാലാണ് കശ്മീർ വഴിയുള്ള അമർനാഥ് യാത്ര താത്കാലികമായി നിർത്തിവെയ്‌ക്കാൻ അധികൃതർ തീരുമാനിച്ചത്. നിലവിൽ സംസ്ഥാനത്തെ പത്ത് ജില്ലകളിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്.
സംഘർഷത്തിൽ 18 പേരുടെ വിലപ്പെട്ട ജീവൻ നഷ്ടപ്പെട്ടതിൽ ദുഃഖിക്കുന്നതായും പരിക്കേറ്റവർ എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെയെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് അറിയിച്ചു. ഇതു കൂടാതെ സംഘർഷബാധിത പ്രദേശങ്ങളിൽ നടത്തേണ്ടിയിരുന്ന സെൻട്രൽ ബോർഡ് പരീക്ഷകൾ മാറ്റിവെയ്‌ക്കുകയും മൊബൈൽ ഫോൺ ഉപയോഗത്തിനും താത്കാലിക നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
ശനിയാഴ്ച നടന്ന ബുർഹാൻ വാനിയുടെ ശവസംസ്‌കാരത്തിൽ നിയന്ത്രണങ്ങളെ മറികടന്ന് നിരവധിയാളുകളാണ് പങ്കെടുത്തത്. ഇയാളെക്കൂടാതെ സുരക്ഷാ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ രണ്ടുപേർ കൂടികൊല്ലപ്പെട്ടിരിന്നു. 22 കാരനായ ബുർഹാൻ വാനി കശ്മീർ താഴ്‌വരകേന്ദ്രീകരിച്ച് ഭീകര പ്രവർത്തനങ്ങളിലേക്ക് യുവാക്കളെ ആകർഷിക്കുന്നതിനുള്ള ശ്രമം നടത്തി വരികയായിരുന്നു. ഇതിനായി ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്പ് തുടങ്ങിയവ വഴി സന്ദേശങ്ങളും വീഡിയോകളും ഇയാൾ പ്രചരിപ്പിച്ചിരുന്നു.
















