മീററ്റ്: പാക്കിസ്ഥാനും ഭാരതത്തിനുമിടയിലെ പരിഹരിക്കപ്പെടാത്ത ഒട്ടേറെ പ്രശ്‌നങ്ങള്‍ക്കിടയിലേക്ക് ഒരു മാമ്പഴവും വിവാദമായെത്തുന്നു. പ്രസിദ്ധമായ റത്തൗല്‍ മാമ്പഴത്തിന്റെ ഉറവിടം പാക്കിസ്ഥാനാണോ ഭാരതമാണോ എന്നതാണ് പുതിയ തര്‍ക്കം.
പാക്കിസ്ഥാന്‍ പ്രസിഡന്റ് ആയിരുന്ന സിയ ഉള്‍ ഹഖ് 1981ല്‍ അന്നത്തെ ഭാരത പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയ്‌ക്കും രാഷ്‌ട്രപതി നീലം സഞ്ജീവറെഡ്ഡിക്കും ഒരുകുട്ടനിറയെ അദ്ദേഹത്തിന്റെ നാട്ടിലെ അതിവിശിഷ്ട മാമ്പഴം നല്‍കി.
മാമ്പഴത്തിന്റെ സ്വാദ് ഇഷ്ടപ്പെട്ട ഇന്ദിരാഗാന്ധി ‘പാക്കിസ്ഥാനില്‍ മാത്രം ലഭ്യമാകുന്നതെന്നു’ വിശേഷിപ്പിച്ച് സിയാ ഉള്‍ ഹഖിന് നന്ദിപൂര്‍വ്വം കത്തെഴുതി.
ഇതറിഞ്ഞ് യുപിയിലെ ഭാഗ്പത് ജില്ലയിലെ റത്തൗല്‍ ഗ്രാമത്തിലുള്ള മാമ്പഴകര്‍ഷകര്‍ റത്തൗല്‍ മാമ്പഴം ഭാരതത്തിന്റേതാണെന്നും പാക്കിസ്ഥാന്റേതല്ലതെന്നും ഇന്ദിരാഗാന്ധിക്ക് കാരണസഹിതം വിശദീകരിച്ചു.
അലിഗഢ് മുസ്ലിം സര്‍വ്വകലാശാല പബ്ലിക് റിലേഷന്‍ ഡയറക്ടര്‍ രാഹത്ത് അബ്രാറിന്റെ പിതൃസഹോദരനാണ് വിഭജന സമയത്ത്് റത്തൗല്‍ മാമ്പഴത്തിന്റെ തൈ മുള്‍ട്ടാനിലെത്തിച്ചത്. പിന്നീടത് ലോകപ്രസിദ്ധമായി. ഒടുവില്‍ അത് പാക്കിസ്ഥാന്റെ സ്വന്തം മാമ്പഴമാക്കി മാറ്റി.
‘പ്രധാനമന്ത്രിക്കും രാഷ്‌ട്രപതിയ്‌ക്കും പാക്‌റത്തൗല്‍ മാമ്പഴം സമ്മാനമായി കിട്ടിയെന്നറിഞ്ഞതോടെ അന്ന് ഞങ്ങള്‍ കര്‍ഷകര്‍ യോഗം ചേര്‍ന്ന് യഥാര്‍ത്ഥ റത്തൗല്‍ പാക് പ്രസിഡന്റിന് സമ്മാനിക്കാന്‍ ഇന്ദിരാഗാന്ധിയോട് അഭ്യര്‍ത്ഥിക്കാന്‍ തീരുമാനിച്ചു,’ കര്‍ഷകന്‍ മൈറാജുദ്ദീന്‍ ഓര്‍മ്മിക്കുന്നു.
ആഗോളതലത്തില്‍ മാമ്പഴ ഉത്സവം ഉണ്ടാകുമ്പോഴൊക്കെ റത്തൗല്‍ മാമ്പഴത്തിന്റെ ഉടമസ്ഥാവകാശത്തിന്റെ പേരില്‍ തര്‍ക്കം ഉയരുക പതിവാണ്.
















