പിലാത്തറ: കലശോത്സവത്തിന് ഭക്ഷണത്തിനായുള്ള വിഭവമൊരുക്കാന്‍ വാഴയും ചേനയും കൃഷിചെയ്ത് ക്ഷേത്രക്കമ്മറ്റി. മണിയറ എടക്കാട്ടപ്പന്‍ മഹാവിഷ്ണുക്ഷേത്രത്തില്‍ അടുത്തവര്‍ഷം നടക്കുന്ന ബ്രഹ്മകലശ ഉത്സവത്തിനായാണ് ആഘോഷക്കമ്മറ്റിയുടെ ഭക്ഷണവിഭാഗം കൃഷിയില്‍ വ്യാപൃതരാകുന്നത്.
നാല്‍പ്പതു സെന്റ് സ്ഥലത്ത് നൂറിലധികം നേന്ത്രവാഴകള്‍, മുപ്പത് ചേന എന്നിവ ആദ്യഘട്ടത്തില്‍ കൃഷിയിറക്കും. ഉത്സവത്തിനടുത്ത മാസം വിപുലമായി പച്ചക്കറിയും കൃഷി ചെയ്യും. കലശത്തിനുള്ള പൂജാപുഷ്പം ഉണ്ടാക്കാന്‍ ഗ്രാമത്തിലെ എല്ലാ വീടുകളിലേക്കും ചെക്കിച്ചെടികളുടെ തൈകളും നല്‍കാനാണ് പദ്ധതി. കമ്മറ്റിയംഗങ്ങളുടെ മേല്‍നോട്ടത്തില്‍ ചെടികള്‍ നിരീക്ഷിച്ചും പരിപാലിച്ചും സംരക്ഷിക്കും.
നേന്ത്രവാഴയുടെ നടീല്‍ ചടങ്ങ് നഗരസഭാ കൗണ്‍സിലര്‍ ഇ.വനജാക്ഷി ഉദ്ഘാടനം ചെയ്തു. എം.പി.വിജയന്‍, പി.വി.കരുണാകരന്‍, പി.വിജയന്‍, എം.പി.ജനാര്‍ദ്ദനന്‍, വി.സുകു ആചാരി, പി.വി.പുഷ്പവല്ലി. എം.പി.ശ്യാമള എന്നിവര്‍ സംസാരിച്ചു. ചെക്കിത്തൈ വിതരണം 9 ന് രണ്ടുമണിക്ക് നടക്കും.
















