ആലപ്പുഴ: പ്ലസ്‌വണ്‍ പ്രവേശനത്തിന്റെ പേരില്‍ എയിഡഡ് സ്‌കൂളുകള്‍ നടത്തുന്നത് തീവെട്ടിക്കൊള്ള. ആലപ്പുഴ നഗരത്തിലെ പല സ്‌കൂളുകളിലും വന്‍തുകയാണ് പ്ലസ്‌വണ്‍ പ്രവേശനത്തിന് ഈടാക്കുന്നത്. കെട്ടിട നിര്‍മ്മാണഫണ്ട് തുടങ്ങിയ പേരുകളിലാണ് പാവപ്പെട്ട വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും സ്‌കൂള്‍ അധികൃതര്‍ പിഴിയുന്നത്.
നഗരത്തില്‍ ന്യൂനപക്ഷ പദവിയുള്ളഒരു സ്‌കൂളില്‍ 5,180 രൂപയാണ് മെറിറ്റില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥിയോട് ഈടാക്കുന്നത്. പ്രവേശനഫീസ് 600രൂപ, പിടിഎ ഫണ്ട് 500 രൂപ എന്നിവയ്‌ക്കുമാത്രമാണ് രസീത് നല്‍കുന്നത്. കെട്ടിട നിര്‍മ്മാണം, സിസിടിവി സ്ഥാപിക്കല്‍ തുടങ്ങിയവയുടെ പേരിലാണ് ബാക്കിപണം ഈടാക്കുന്നത്. അനധികൃതമായി പ്രവേശന ഫീസ് ഈടാക്കരുതെന്ന് സര്‍ക്കാരിന്റെ കര്‍ശന ഉത്തരവുള്ളപ്പോഴാണ് മെറിറ്റില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികളെപ്പോലും സ്‌കൂളുകാര്‍ കൊള്ളയടിക്കുന്നത്. പാവപ്പെട്ട കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികളാണ് ഇതുമൂലം ബുദ്ധിമുട്ടുന്നത്. പലരും ഹയര്‍ സെക്കണ്ടറി ഡിപ്പാര്‍ട്ട്‌മെന്റില്‍ പരാതി നല്‍കിയെങ്കിലും തുടര്‍നടപടി സ്വീകരിച്ചില്ല.
നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും പല എയിഡഡ് സ്‌കൂളുകളിലെയും അവസ്ഥ ഇതുതന്നെയാണ്. ആലപ്പുഴ നഗരത്തിനു തെക്കുഭാഗത്തെ ഒരു പ്രമുഖ സ്‌കൂളും മാനേജ്‌മെന്റ് സീറ്റില്‍ പ്രവേശം ലഭിക്കണമെങ്കില്‍ അരലക്ഷം രൂപവരെയാണ് ആവശ്യപ്പെടുന്നത്. പല സര്‍ക്കാര്‍ സ്‌കൂളുകളിലും സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുമ്പോഴാണ് എയിഡഡ് സ്‌കൂളുകള്‍ ഇത്തരത്തില്‍ കൊള്ള നടത്തുന്നതെന്നതാണ് ദുരവസ്ഥ.
















