ഇസ്ലാമബാദ്: പാക്കിസ്ഥാനിലെ പ്രശസ്ത ഖവാലി ഗായകന്‍ വെടിയേറ്റ് മരിച്ചു. അംജത് സാബ്രിക്കിനാണ് അജ്ഞാതരുടെ വെടിയേറ്റത്. കറാച്ചിയിലെ ലിയാഖത്താബാദില്‍ വച്ചാണ് ഗായകന് നേരെ ആക്രമണമുണ്ടായത്.
സഹപ്രവര്‍ത്തകര്‍ക്കൊപ്പം കാറില്‍ സഞ്ചരിക്കുമ്പോള്‍ മോട്ടോര്‍ ബൈക്കില്‍ എത്തിയ സംഘം കാറിന് മുന്നില്‍ നിര്‍ത്തി നിറയൊഴിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സാബ്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരത്തോടെ മരണം സംഭവിച്ചു. സാബ്രിയുടെ തലയ്‌ക്കും നെഞ്ചിനുമാണ് വെടിയേറ്റത്. സാബ്രിക്കൊപ്പമുണ്ടായിരുന്ന മറ്റൊരാളും ഡ്രൈവറും വെടിവെയ്‌പില്‍ കൊല്ലപ്പെട്ടരില്‍ ഉള്‍പ്പെടുന്നു.
ഗായകന്റെ മരണം അഡീഷണല്‍ പോലീസ് സര്‍ജന്‍ സ്ഥിരീകരിച്ചു. ഉര്‍ദു ഭാഷയിലെ ഭാരതീയ സൂഫി പാരമ്പര്യത്തിലുള്ള ഭക്തിഗാന ശാഖയാണ് ഖവാലി. 1970 മുതല്‍ ഭാരതത്തിലും പാക്കിസ്ഥാനിലും വേരുള്ള ഖവാലി ഗായകസംഘമാണ് സാബ്രി ബ്രദേഴ്‌സ്. പ്രശസ്ത പാകിസ്താനി ഖവാലി ഗായകനായ ഗുലാം ഫദ്രി സബ്രിയുടെ മകനാണ് അംജദ് സാബ്രി.
















