സുരക്ഷാ വലയം ഭേദിച്ച് എന്‍ടിപിസി പ്ലാന്റിലേക്ക് യുവാവ് ഓടിച്ചു കയറ്റിയ കാര്‍
ഹരിപ്പാട്: മദ്യപിച്ച് വാഹനവുമായി എത്തിയ യുവാവ് എന്‍ടിപിസി പ്ലാന്റിലേക്ക് വാഹനം ഓടിച്ചുകയറ്റി. സുരക്ഷാസംവിധാനം ഭേദിച്ചതിന് കനകക്കുന്ന് പോലീസ് കേസ്സെടുത്തു. ചൂളത്തെരുവ് സുമേഷ് ഭവനത്തില്‍ സുമേഷി(27)ന്റെ പേരിലാണ് കേസെടുത്തത്.
ശനിയാഴ്ച വൈകിട്ട് നാലുമണിയോടെ അമിതമായി മദ്യപിച്ച സുമേഷ് സ്‌കോര്‍പ്പിയോ കാര്‍ കാഞ്ഞൂര്‍ ജങ്ഷനില്‍ നിന്നും എന്‍ടിപിസി റോഡിലൂടെ അമിത വേഗതയില്‍ ഓടിച്ച് പോവുകയായിരുന്നു. വാഹനത്തിന്റെ വേഗത കണ്ട് കാല്‍നടയാത്രക്കാരും മറ്റും ഓടിമാറി.
അമിത വേഗതയില്‍ എന്‍ടിപിസി പ്രധാന കവാടത്തില്‍ എത്തിയപ്പോള്‍ മറ്റൊരു വാഹനം കടന്നുപോകുന്നതിനായി സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ഗേറ്റുതുറന്നു. ഇതിന് പിന്നാലെ പ്ലാന്റിനുള്ളിലേക്ക് കടന്ന വാഹനം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിന് സമീപം ഡിവൈഡര്‍ തകര്‍ത്ത് നില്‍ക്കുകയായിരുന്നു.
സംഭവസ്ഥലത്തെത്തിയ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ സുമേഷ് കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായും പറയപ്പെടുന്നു. സംഭവം എന്‍ടിപിസിയുടെ സുരക്ഷാ സംവിധാനത്തിലെ പാളിച്ചയായി കണക്കാക്കുന്നു.
















