പയ്യന്നൂര്‍: എരമം-കുറ്റൂര്‍ പഞ്ചായത്ത് സമ്പൂര്‍ണ്ണ ശുചിത്വ യജ്ഞ-സാംസ്‌ക്രമിക രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാതമംഗലം ടൗണില്‍ രോഗപ്രതിരോധ മനുഷ്യശൃംഖല തീര്‍ത്തു. ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍ ഐഎഎസ്, പഞ്ചായത്ത് പ്രസിഡണ്ട് കെ.സത്യഭാമ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, വ്യാപാരികള്‍, വിദ്യാര്‍ത്ഥികള്‍, കുടുംബശ്രീ അംഗങ്ങള്‍, ആരോഗ്യപ്രവര്‍ത്തകര്‍, തുടങ്ങി ജനകീയ കൂട്ടായ്‌മയാകെ ശുചിത്വ ശൃംഖലയില്‍ കണ്ണികളായി. മാതമംഗലം ടെലിഫോണ്‍ എക്‌സചെയ്ഞ്ച് മുതല്‍ മാത്തുവയല്‍ വരെയുള്ള ടൗണ്‍ റോഡിന്റെ ഇരുവശങ്ങളിലും നാലുകിലോമീറ്ററോളം നീളത്തിലാണ് പൊതുജന ശൃംഖല സൃഷ്ടിച്ചത്. ശുചീകരണ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കര്‍ത്തവ്യമായി നിര്‍വ്വഹിക്കുമെന്ന് ഏവരും പ്രതിജ്ഞ ചെയ്തു. പൊതുസമ്മേളനം ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് കെ.സത്യഭാമ അധ്യക്ഷത വഹിച്ചു. ഡോ.അനീഷ് ബാബു, അഡ്വ.കെ.പി.രമേശന്‍, കെ.ബി.ബാലകൃഷ്ണന്‍, ജോസഫ് കട്ടത്തറ, എം.പി.ദാമോദരന്‍, എം.കെ.കുഞ്ഞപ്പന്‍, പി.ദാക്ഷായണി, സി.പി.ലക്ഷ്മിക്കുട്ടി, കെ.ജിഷ എന്നിവര്‍ സംസാരിച്ചു.
















