കണ്ണൂര്‍: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനി ജിഷ ക്രൂരമായി കൊലചെയ്യപ്പെട്ടിട്ട് രണ്ട് മാസത്തോളമായിട്ടും തെളിവൊന്നും ലഭിക്കാത്ത സാഹചര്യത്തില്‍ കേസന്വേഷണം സിബിഐക്ക് വിടണമെന്ന് യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് 9 ന് വൈകുന്നേരം 4 മണിക്ക് സ്റ്റേഡിയം കോര്‍ണര്‍ പരിസരത്ത് സായാഹ്‌നധര്‍ണ നടത്താന്‍ യോഗം തീരുമാനിച്ചു.
കേരള പോലീസ് സംവിധാനത്തിന് ജിഷ വധക്കേസില്‍ ഒരു തെളിവുപോലും ഇതേവരെ ലഭിച്ചിട്ടില്ല. ഇടതുപക്ഷം അധികാരത്തില്‍ വന്നയുടന്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി എന്നല്ലാതെ മറ്റൊരു മാറ്റവും ഉണ്ടായിട്ടില്ല. പല ഉന്നതര്‍ക്കും കൊലപാതകത്തില്‍ പങ്കുള്ളതായി സംശയമുയര്‍ന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ കേരളത്തിലെ പോലീസ് സംവിധാനം ഈ കേസന്വേഷിക്കാനും കണ്ടെത്തുവാനും അപര്യാപ്തമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. കേരളത്തില്‍ മറ്റൊരു ശാരി കേസുപോലെയല്ലാതെ വേറെ മാറ്റങ്ങളൊന്നും കേരളാ പോലീസ് ഈ കേസ് അന്വേഷിച്ചാല്‍ കേരളജനത പ്രതിക്ഷിക്കുന്നില്ലെന്ന് യോഗം ചൂണ്ടിക്കാട്ടി.
ധര്‍ണ പ്രശസ്ത സിനിമാസംവിധായകന്‍ അക്ബര്‍ അലി ഉദ്ഘാടനം ചെയ്യും. ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ്, കെ.രഞ്ചിത്ത്, ബിജു ഏളക്കുഴി തുടങ്ങിയവര്‍ സംസാരിക്കും. യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് കെ.പി.അരുണ്‍ അധ്യക്ഷത വഹിക്കും.
















