മുഹമ്മ: മരമുത്തശ്ശിയെ ആദരിച്ചും സ്‌കൂള്‍ മുറ്റത്ത് കരനെല്‍ കൃഷിയ്‌ക്ക് വിത്ത് വിതച്ചും കാവുങ്കല്‍ പഞ്ചായത്ത് എല്‍പി സ്‌കൂള്‍ പരിസ്ഥിതി ദിനം വേറിട്ട അനുഭവമാക്കി. സ്‌കൂള്‍ മുറ്റത്ത് പടര്‍ന്ന് പന്തലിച്ച് നില്‍ക്കുന്ന 90 വര്‍ഷത്തിലേറെ പഴക്കമുള്ള കിളിച്ചുണ്ടന്‍ മാവുകളേയാണ് പട്ടുടുപ്പിച്ചും നിലവിളക്ക് കൊളുത്തിയും പൂക്കളര്‍പ്പിച്ചും കുട്ടികള്‍ ആദരിച്ചത്. സ്‌കൂള്‍ മുറ്റം ഹരിതാഭമാക്കുന്നതിന് രണ്ട് സെന്റില്‍ ഉമ നെല്ലാണ് വിതച്ചത്. മരങ്ങളേയും മണ്ണിനേയും പ്രകൃതിയേയും സ്‌നേഹിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആദരിക്കല്‍ ചടങ്ങും കരനെല്‍ കൃഷിയും ആരംഭിച്ചത്. ആദരിക്കല്‍ ചടങ്ങും വിത്ത് വിതയ്‌ക്കലും പഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പരിസ്ഥിതി ദിന സന്ദേശം നല്‍കി. കൃഷി ഓഫീസര്‍ അനിത വേപ്പിന്‍ തൈകളുടെ വിതരണം നിര്‍വ്വഹിച്ചു. ഹെഡ്മിസ്ട്രസ് പി.കെ. സാജിത, വാര്‍ഡ് മെമ്പര്‍ മിനി, എസ്എംസി ചെയര്‍പേഴ്‌സന്‍ സ്‌നേഹലത, ഷമീര്‍, സീലിയ എന്നിവര്‍ സംസാരിച്ചു.
















