പുലാമന്തോള്‍: സ്വന്തമായൊരു പഞ്ചായത്ത് ഗ്രൗണ്ടെന്ന സ്വപ്‌നത്തിനു പതിറ്റാണ്ടുകളുടെ പഴക്കമുള്ള കായിക പ്രേമികളുടെ സ്വപ്‌നങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ചു സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുണ്ടായിരുന്ന വടക്കന്‍ പാലൂരിലെ ഐസാന്‍ പറമ്പ് ഗ്രൗണ്ട് ഭാഗം വെക്കല്‍ തുടങ്ങി.
അഖില കേരള ഫുട്‌ബോള്‍ ടൂര്‍ണമെന്റടക്കം നിരവധി ടൂര്‍ണമെന്റുകള്‍ നടന്നത് ഈ ഗ്രൗണ്ടിലായിരുന്നു. പുലാമാന്തോളിലെ കായിക പ്രേമികളുടെ ഏക പ്രതീക്ഷ.
സ്വന്തമായി കളിസ്ഥലമില്ലാത്ത കേരളത്തിലെ അപൂര്‍വ്വം പഞ്ചായത്തുകളില്‍ ഒന്നാണ് പുലാമന്തോള്‍ പഞ്ചായത്ത്. കായിക മേഖലയില്‍ നിരവധി പേരെ സംഭാവന ചെയ്ത പഞ്ചായത്തിലാണ് ഈ ദുരവസ്ഥ.
മാറിവരുന്ന എല്ലാ ഭരണസമിതികള്‍ക്ക് മുന്നിലും പുലമാന്തോളിലെ കായിക പ്രേമികള്‍ക്ക് പറയാനുണ്ടായിരുന്നത് ഒരു കളിസ്ഥലം വേണമെന്ന ആഗ്രഹമായിരുന്നു. മോഹന വാഗ്ദാനങ്ങള്‍ നല്‍കി ഭരണത്തിലേറുന്ന പഞ്ചായത്ത് ഭരണസമിതികള്‍ പിന്നീട് സൗകാര്യപൂര്‍വം ഈ ആവശ്യത്തിനോട് മുഖം തിരിക്കുകയാണ് പതിവ്.
പുതുതായി ഭരണത്തിലേറിയ പഞ്ചായത്ത് ഭരണസമിതിയിലും പുലമാന്തോളിലെ യുവാക്കള്‍ സ്വന്താമായൊരു കളിസ്ഥലം എന്ന ആവശ്യം ഉന്നയിച്ച് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ഇതിനിടെയാണ് ആകെയുണ്ടായിരുന്ന കളി സ്ഥലം കൂടി കൈവിട്ട് പോയത്.
















