എടത്വ: അശാസ്ത്രീയമായ ജലഉപഭോഗമാണ് ഇന്നത്തെ പാരിസ്ഥിതിക പ്രശ്‌നത്തിന് കാരണമെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃക്ഷമിത്ര അവാര്‍ഡ് ജേതാവ് പ്രൊഫ. എസ്. ശോഭീന്ദ്രന്‍ പറഞ്ഞു. പരിസ്ഥിതി സംഘടന ഗ്രീന്‍ കമ്മ്യൂണിറ്റിയുടെ സ്ഥാപകന്‍ ആന്റപ്പന്‍ അമ്പിയായത്തിന്റെ സ്മൃതി ദിനത്തോടനുബന്ധിച്ച് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന അനുസ്മരണവും എടത്വ സൗന്ദര്യവത്കരണ അവലോകന യോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഷ്‌ട്രീയത്തിന് അതീതമായി വികസനത്തിന് മനസ്ഥിതിയുള്ളവരെയാണ് രാഷ്‌ട്രത്തിന് ആവശ്യമെന്നും അര്‍പ്പണ മനോഭാവമുള്ളവര്‍ ഇന്നത്തെ കാലഘട്ടത്തില്‍ ഇല്ലാതായികൊണ്ടിരിക്കുകയാണെന്നും, സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ വെടിഞ്ഞ് സമൂഹത്തിന്റെ നന്മക്കുവേണ്ടി ഇറങ്ങിതിരിച്ച ആന്റപ്പന്റെ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ രൂപപെട്ട നല്ല മനസ്സുകളുടെ കൂട്ടായ്‌മ നാടിന്റെ പച്ചപ്പ് നിലനിറുത്താന്‍ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടെസ്സി ജോസ് അദ്ധ്യക്ഷത വഹിച്ചു.
















