മഥുര: ഉത്തര്‍പ്രദേശില്‍ കൈയേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ പോലീസ് സൂപ്രണ്ടന്റും സ്റ്റേഷന്‍ മേധാവിയും ഉള്‍പ്പടെ 24 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. അലഹാബാദ് ഹൈക്കോടതി നിര്‍ദേശപ്രകാരം മഥുര ജവഹര്‍ഭാഗില്‍ 270 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി അനധികൃതമായി കുടിയേറി സമരം ചെയ്യുന്നവരെ ഒഴിപ്പിക്കുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. സംഭവത്തെക്കുറിച്ച് കേന്ദ്രആഭ്യന്തരമന്ത്രാലയം സംസ്ഥാനസര്‍ക്കാരില്‍ നിന്നും വിശദീകരണം തേടി.
മഥുര പോലീസ് സൂപ്രണ്ട് മുകുള്‍ ദ്വിവേദി, സ്റ്റേഷന്‍ മേധാവി സന്തോഷ് കുമാര്‍ യാദവ് എന്നീ പോലീസ് ഉദ്യോഗസ്ഥരാണ് സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്. എസ്പിയുടെ തലയ്‌ക്ക് കല്ലേറില്‍ ഗുരുതരമായി മുറിവേറ്റിരുന്നു. എസ്‌ഐ: സന്തോഷ് കുമാറിനെ അക്രമികള്‍ വെടിവെച്ചാണ് കൊന്നത്. അക്രമത്തില്‍ നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. അഞ്ഞൂറോളം പേരെ അക്രമസഭംവങ്ങളുമായി ബന്ധപ്പെട്ട് പോലീസ് പിടികൂടിയിട്ടുണ്ട്.
ജവഹര്‍ഭാഗില്‍ നിയമവിരുദ്ധമായി ഭൂമി കൈയേറിയ സ്വാധീന്‍ ഭാരത് ആന്ദോളന്‍ പ്രവര്‍ത്തകരെ കുടിയൊഴിപ്പിക്കാനുള്ള പോലീസ് ശ്രമമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. കൈയേറ്റമൊഴിപ്പിക്കാനെത്തിയ പോലീസിനുനേരെ 3,000ല്‍ അധികം വരുന്ന സ്വാധീന്‍ ഭാരത് ആന്ദോളന്‍ പ്രവര്‍ത്തകര്‍ മരങ്ങള്‍ക്ക് മുകളില്‍ കയറി കല്ലെറിയുകയും പിന്നീട് വെടിയുതിര്‍ക്കുകയുമായിരുന്നു. പോലീസും തിരിച്ച് വെടിയുതിര്‍ത്തു. ഇതിലാണ് 22പേര്‍ കൊല്ലപ്പെട്ടത്. കൂടുതല്‍ പൊലീസ് സേനയെ നിയോഗിച്ചിട്ടുണ്ട്. സ്വാധീന്‍ ഭാരത് ആന്ദോളന്‍ പ്രവര്‍ത്തകരില്‍ നിന്ന് വലിയ ആയുധശേഖരം പിടികൂടിയതായി സംസ്ഥാന പോലീസ് മേധാവി ജാവേദ് അഹമ്മദ് പറഞ്ഞു.
രാഷ്‌ട്രപതി-പ്രധാനമന്ത്രി തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കുക, രൂപയ്‌ക്കുപകരം ‘ആസാദ് ഹിന്ദ് ഫൗജ്’ കറന്‍സി ആക്കുക, ഒരു രൂപയ്‌ക്ക് 60 ലിറ്റര്‍ ഡീസലും 40 ലിറ്റര്‍ പെട്രോളും ലഭ്യമാക്കുക തുടങ്ങിയ വിചിത്ര ആവശ്യങ്ങളാണിവര്‍ ഉന്നയിക്കുന്നത്. പ്രവര്‍ത്തകര്‍ രണ്ടു വര്‍ഷം മുന്‍പാണ് ഏക്കറുകണക്കിന് ഭൂമി കൈയേറി കുടില്‍ കെട്ടിയത്. ഇതിനെ തുടര്‍ന്നാണ് ഒഴിപ്പിക്കാന്‍ അലഹബാദ് ഹൈക്കോടതി നോട്ടീസ് നല്‍കിയത്. അതിനിടെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി രാജ്‌നാഥ്‌സിങ് സംഘര്‍ഷത്തെ കുറിച്ചുള്ള വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാരിനോട് ആരാഞ്ഞു. സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിനായി കേന്ദ്രം എല്ലാവിധ സഹായങ്ങളും നല്‍കുമെന്നും ആഭ്യന്തര മന്ത്രി സംസ്ഥാന സര്‍ക്കാരിനോട് അറിയിച്ചു.
സംസ്ഥാനത്തെ ക്രമസമാധാന നില തകരാറിലായതിന്റെ വ്യക്തമായ ഉദാഹരണമാണ് മഥുര സംഭവമെന്ന് ബിജെപി ദേശീയ സെക്രട്ടറി ശ്രീകാന്ത് ശര്‍മ്മ പ്രതികരിച്ചു. ജവഹര്‍ ഭാഗിലുണ്ടായ സംഘര്‍ഷത്തില്‍ മഥുര എംപി ഹേമമാലിനി നടുക്കം രേഖപ്പെടുത്തി. സമരം ആരംഭിച്ച് രണ്ടു വര്‍ഷമായിട്ടും എന്തുകൊണ്ട് ഇതുവരെ നടപടി സ്വീകരിച്ചില്ലെന്നും അവര്‍ ചോദിച്ചു.
വിശദമായ അന്വേഷണത്തിന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് അന്വേഷണത്തിന് ഉത്തരവിട്ടു. മരിച്ച പോലീസുകാരുടെ കുടുംബാംഗങ്ങള്‍ക്ക് 20 ലക്ഷം രൂപവീതം ധനസഹായം നല്‍കുമെന്നും അഖിലേഷ് യാദവ് അറിയിച്ചു.
















