കണ്ണൂര്‍: പാവപ്പപട്ടവരെ മറന്ന് സമ്പന്ന വിഭാഗത്തിന്റെ സംരക്ഷകരാകാനാണ് സിപിഎം ശ്രമിക്കുന്നതെന്നും അതാണ് സബ്‌സിഡി ഇല്ലാത്ത ഗ്യാസ് സിലിണ്ടറിന് വില വര്‍ദ്ധിപ്പിച്ചതിനെതിരെ സിപിഎം നടത്തുന്ന സമരം കാണിക്കുന്നതെന്നും ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. സമരം നടത്തിയ നേതാക്കളോ പ്രവര്‍ത്തകരോ ആരെങ്കിലും സബ്‌സിഡി ഒഴിവാക്കണമന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം ചെവികൊണ്ട് സബ്‌സിഡി വേണ്ടാ എന്ന് നിലപാടെടുത്തിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. കേന്ദ്രസര്‍ക്കാര്‍ സബ്‌സിഡിയില്ലാത്ത ഗ്യാസിനാണ് വിലകൂട്ടിയത്. സബ്‌സിഡിയുള്ള ഗ്യാസിന് വില വര്‍ദ്ധിപ്പിച്ചിട്ടില്ല. വസ്തുതകള്‍ ഇതായിരിക്കെ സിപിഎം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. സാമ്പത്തിക ശേഷിയുള്ളവര്‍ സബ്‌സിഡി ഒഴിവാക്കണമെന്ന പ്രധാന മന്ത്രിയുടെ ആഹ്വാനം ചെവികൊണ്ട് ആയിരക്കണക്കിന് ആള്‍ക്കാരാണ് സബ്‌സിഡി വേണ്ടെന്നുവെച്ചത്. ആ സബ്‌സിഡി ഉപയോഗിച്ച് ഒട്ടേറെ ബിപിഎല്‍ കുടുംബത്തിന് സൗജന്യ ഗ്യാസ് അനുവദിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. സമ്പന്ന വിഭാഗത്തെ മാത്രം ബാധിക്കുന്ന വിലവര്‍ദ്ധനവിനെതിരെ പാവപ്പെട്ടവരെ തെറ്റിദ്ധരിപ്പിച്ച് തെരുവിലിറക്കി കേന്ദ്രസര്‍ക്കാരിനെതിരെ സമരം നടത്തുന്ന സിപിഎം ശ്രമം ജനങ്ങള്‍ തിരിച്ചറിയണം. ബിപിഎല്‍ കുടുംബത്തിന് സൗജന്യ ഗ്യാസ് കണക്ഷന്‍ ഫോമുകള്‍ കേരളത്തിലെ എല്ലാ ഗ്യാസ് ഏജന്‍സികള്‍ മുഖാന്തിരവും വിതരണത്തിനെത്തിയിട്ടുണ്ട്. ഇതില്‍വിറളിപൂണ്ടാണ് കണ്ണൂര്‍ എം.പി.ശ്രീമതി പാവപ്പെട്ട സ്ത്രീകളെ തെരുവിലറക്കി സമരം നടത്തുന്നത് എന്നും സത്യപ്രകാശ് ചൂണ്ടിക്കാട്ടി. കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് ഉദാര സമീപനം കാണിക്കുമ്പോള്‍ അതിനെതിരെ മുഖംതിരിഞ്ഞ് നിന്ന് കാലാകാലങ്ങളായി ഇടത്പക്ഷം ചെയ്തുവരുന്ന ‘രണവും സമരവുമെന്ന നയം തുടരാനാണ് ശ്രമിക്കുന്നത് എന്ന് ഇതിലൂടെ മനസ്സിലാക്കാമെന്നും സത്യപ്രകാശ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.—
















