ന്യൂദല്‍ഹി: ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ ഭൂമി അനധികൃതമായി കുടിയേറി സമരം ചെയ്ത ജയ്ഗുരുദേവ അനുയായികളുടെ ആസ്തി പതിനായിരം കോടി രൂപയ്‌ക്ക് മുകളില്‍. ദല്‍ഹി-ഉത്തര്‍പ്രദേശ് ദേശീയപാതയിലുള്ള ആശ്രമം നിലനില്‍ക്കുന്ന പ്രദേശം മാത്രം 4,000 കോടി രൂപയിലേറെ വിലമതിക്കുന്നതാണ്.
2012ല്‍ ഗുരുദേവ അക തുളസീദാസ് മഹാരാജ് മരിക്കുമ്പോള്‍ സ്വാധീന്‍ ഭാരത് സുഭാഷ് സേന എന്ന സന്നദ്ധ വിഭാഗമുള്‍പ്പെടെ നിരവധി ഭക്തസംഘങ്ങളുണ്ടാക്കിയിരുന്നു.
നിരവധി ആശ്രമങ്ങളും ആയിരക്കണക്കിന് ഭക്തരും കോടികളുടെ ആസ്തിയുമുള്ള ആശ്രമത്തില്‍ കോണ്‍ഗ്രസ്, സമാജ്‌വാദി പാര്‍ട്ടി നേതാക്കളെല്ലാം അനുയായികളായെത്തിയിരുന്നു.
മുലായംസിങ് യാദവും അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും ബാബ ജയ്ഗുരുദേവിന്റെ ശിഷ്യരുടെ പട്ടികയിലുണ്ട്. രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ചാണ് 270 ഏക്കര്‍ സര്‍ക്കാര്‍ സ്ഥലം കയ്യേറി വിചിത്ര ആവശ്യങ്ങളുന്നയിച്ച് വര്‍ഷങ്ങളായി ജയ്ഗുരുദേവ അനുയായികള്‍ക്ക് സമരം നടത്താനും ഇതുവഴി സാധിച്ചു.
















