ഒഡീഷ: ഒരു വിവേചനവും ഇല്ലാതെ രാജ്യത്തെ മുഴുവന്‍ പാവപ്പെട്ടവരുടെയും ക്ഷേമമാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മുന്‍രാഷ്‌ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ കര്‍മ്മഭൂമിയായിരുന്ന ബാലസോറിനെ മിസൈല്‍ സിറ്റി ആയി നാമകരണം ചെയ്ത മോദി, കലാം ഇവിടെ ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുള്ളതായും പറഞ്ഞു.
തന്റെ സര്‍ക്കാരിന്റെ ലക്ഷ്യം പാവപ്പെട്ടവരുടെ ക്ഷേമമാണെന്ന് തറപ്പിച്ചുപറഞ്ഞ മോദി രാജ്യത്തിന്റെ ഏതെങ്കിലും സംസ്ഥാനത്തോ ഏതെങ്കിലും ഭാഗത്തോ വികസനവും മാറ്റവും എത്താതെ പോകരുതെന്ന് നിര്‍ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ നടന്ന വികാസ് പര്‍വ്വ് റാലിയെ അഭിസംബോധനചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് റാലിയോ പ്രതിഷേധ പരിപാടിയോ ഒന്നുമല്ലാതിരുന്നിട്ടും കനത്ത ചൂടിലും വന്‍ജനാവലി ഇവിടെ എത്തിയിരിക്കുന്നത് ‘പ്രധാനസേവക’ ന്റെ വാക്കുകള്‍ കേള്‍ക്കുവാനാണ്. ഭാരതത്തെ ഉന്നതിയിലേയ്‌ക്ക് നയിക്കാനുള്ള ഉത്തേജനവും അധികാരവും നല്‍കുന്നത് ജനങ്ങളുടെ സ്‌നേഹമാണ്.
അധികാര വികേന്ദ്രീകരണത്തിലൂടെ ഭരണത്തിന്റെ എല്ലാമേഖലകളിലും ജനപങ്കാളിത്വം കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. പ്രധാനമന്ത്രിയായ ശേഷം മൂന്നാം വട്ടമാണ് മോദി ഇവിടെ സന്ദര്‍ശനം നടത്തുന്നത്. എല്ലാ സര്‍ക്കാര്‍ പദ്ധതികളും പാവങ്ങള്‍ക്കുവേണ്ടിയാണ്. രാജ്യത്തെ ദാരിദ്ര്യം തുടച്ചുനീക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേക നടപടികളാണ് എടുക്കുന്നത്. പെണ്‍കുട്ടികളെ സംരക്ഷിക്കാനുള്ള ‘ബേട്ടി ബചാവോ, ബേട്ടി പഠാവോ’ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയെക്കുറിച്ച് വിശദീകരിച്ച പ്രധാനമന്ത്രി ലിംഗ സമത്വത്തിനായി മനോഭാവം മാറേണ്ടതുണ്ടെന്നും പറഞ്ഞു.
മിഷന്‍ ഇന്ദ്രധനുഷ്, ബേട്ടി ബചാവോ, ബേട്ടി പഠാവോ പദ്ധതികളിലൂടെ വിദ്യാര്‍ത്ഥിനികളുടെ ക്ഷേമമാണ് നടപ്പിലാക്കുന്നത്. വിദ്യാലയങ്ങളില്‍ നാലര ലക്ഷം ശൗചാലയങ്ങള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുകയാണെന്നും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിലുടെ ഭാവി സുരക്ഷിതമാക്കുമെന്നും മോദി പറഞ്ഞു.
പ്രകൃതി വിഭവങ്ങളാല്‍ ഒഡീഷ അനുഗ്രഹീതമാണ്. എന്നാല്‍ ഇപ്പോഴും സംസ്ഥാനത്തെ ദാരിദ്ര്യത്തിന് അറുതി വരുത്തുന്നതിനായി ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. വികസനത്തിന്റെ മറ്റൊരു പേരാണ് ഭാരതീയ ജനതാ പാര്‍ട്ടി. വികസനത്തിന്റെ മുഖമുദ്രയാണ് പാര്‍ട്ടിയുടെത്. ബിജെപിയെന്നാല്‍ വികസനമാണ്.
തങ്ങള്‍ എവിടെ അധികാരത്തിലുണ്ടോ അവിടെ വികസനമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒഡീഷയില്‍ ബിജെപി അധികാരത്തിലില്ല. ഇവിടുത്തെ അവസ്ഥ നമുക്ക് കാണാവുന്നതാണെന്നും നവീന്‍ പട്‌നായിക് സര്‍ക്കാരിനെ പരോഷമായി വിമര്‍ശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
















