ലഖ്‌നൗ: ദാദ്രിയില്‍ ആള്‍ക്കൂട്ടം ആളെ കൊലപ്പെടുത്തിയ ബീഫ് വിവാദത്തിന്റെ പിന്നിലെ ഗൂഢാലോചന രഹസ്യങ്ങള്‍ ചുരുളഴിയുന്നു. കൊല്ലപ്പെട്ട മൊഹമ്മദ് അഖ്‌ലാഖിന്റെ വീട്ടിലെ ഫ്രിഡ്ജില്‍ നിന്നല്ല ഇറച്ചി കണ്ടെടുത്തത്. കണ്ടെടുത്ത ഇറച്ചി ആട്ടിറച്ചിയാണെന്ന് തിരിച്ചറിഞ്ഞതായി ആദ്യം പുറത്തുവന്ന വാര്‍ത്ത ഒരു ശാസ്ത്രീയ പരിശോധനയും നടത്താതെയായിരുന്നു. ഇക്കണോമിക് ടൈംസ് പത്രം ഇതു സംബന്ധിച്ച് ആധികാരികമായി പുറത്തുവിട്ട വാര്‍ത്തയിലാണ് ഈ വിവരങ്ങള്‍.
സംഭവം ഇത്രയും വിവാദമാകുന്നതിനു മുമ്പേ പോലീസ് തയ്യാറാക്കിയ അടിസ്ഥാന റിപ്പോര്‍ട്ടുകള്‍ ആധാരമാക്കിയാണ് ഈ വാര്‍ത്ത.
എന്നാല്‍, ഒരു ഘട്ടത്തിലും മാധ്യമങ്ങള്‍ യഥാര്‍ത്ഥ വാര്‍ത്ത അറിയാനോ അറിഞ്ഞിട്ടും പ്രസിദ്ധീകരിയ്‌ക്കാതിരിയ്‌ക്കാനോ ശ്രമിച്ചുവെന്നതാണ് ഗുരുതരമായ കാര്യം. ബീഹാര്‍ തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിയ്‌ക്കെ ബിജെപിയേയും സഹസംഘടനകളേയും കേന്ദ്ര സര്‍ക്കാരിനെയും സംശയ നിഴലില്‍ നിര്‍ത്താനായിരുന്നു ഇതെന്നു വേണം കരുതാന്‍.
ഇക്കണോമിക് ടൈംസിന്റെ അമന്‍ ശര്‍മ്മയും മന്‍മോഹന്‍ റായിയും ചേര്‍ന്നെഴുതിയ റിപ്പോര്‍ട്ട് ഇങ്ങനെ: ആദ്യ ദിവസം തന്നെ യുപി പോലീസ് തയ്യാറാക്കിയിട്ടുള്ള തൊണ്ടി കണ്ടെടുക്കല്‍ റിപ്പോര്‍ട്ടില്‍ ഇങ്ങനെയാണ്- ഗ്രാമത്തിലെ മുക്കവലയിലുള്ള ട്രാന്‍സ്‌ഫോര്‍മറിന്റെ പരിസരത്തുനിന്ന് സബ് ഇന്‍സ്‌പെക്ടര്‍ തേജ്പാല്‍ സിങ് ഇറച്ചി കണ്ടെടുത്തു. 2015 സെപ്തംബര്‍ 28-ന് രാത്രിയായിരുന്നു ഇത്. അന്നാണ് അഖ്‌ലഖ് കൊല്ലപ്പെട്ടത്. ഇറച്ചി അഖ്‌ലഖിന്റെ വീട്ടിലോ ഫ്രിഡ്ജിലോ നിന്നല്ല കണ്ടെടുത്തത്.
ഈ ഇറച്ചി സംസ്ഥാന സര്‍ക്കാരിന്റെ മേല്‍നോട്ടത്തിലുള്ള ദാദ്രി മൃഗാശുപത്രിയിലാണ് പരിശോധനയ്‌ക്കുകൊണ്ടുപോയത്. അവിടെ രാസപരിശോധനയൊന്നും നടത്തിയില്ല. പ്രഥമദൃഷ്ട്യാ ഇറച്ചി ആടിന്റേതാണെന്ന് തീരുമാനിയ്‌ക്കുകയായിരുന്നു. തുടര്‍ന്നാണ് മഥുരയിലെ സംസ്ഥാന സര്‍ക്കാര്‍ മോല്‍നോട്ടത്തിലുള്ള ഫോറന്‍സിക് ലാബില്‍ പരിശോധിയ്‌ക്കാന്‍ തീരുമാനിച്ചത്.
ഒക്‌ടോബര്‍ എട്ടിന് മഥുര ലാബ് ഇറച്ചി പശുവിന്റെയോ പശുവംശത്തില്‍ പെട്ട മൃഗത്തിന്റേതോ ആണെന്ന് കണ്ടെത്തി. ഇതിന്റെ പകര്‍പ്പ് പത്രത്തിന്റെ പക്കലുണ്ട്. പോലീസ് പക്ഷേ, ഈ റിപ്പോര്‍ട്ട് പുറത്തുവിടുകയോ കേസിലെ കുറ്റപത്രത്തിന്റെ ഭാഗമാക്കുകയോ ചെയ്തില്ല. ഈ കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ കൊലക്കേസില്‍ ഈ റിപ്പോര്‍ട്ടിനു പ്രസക്തിയില്ലാത്തതിനാലാണ് കുറ്റപത്രത്തില്‍ ചേര്‍ക്കാത്തതെന്നു വിശദീകരിച്ചു. ബിജെപി ദേശീയ സെക്രട്ടറി ശ്രീകാന്ത് ശര്‍മ്മ പറഞ്ഞത് വിഷയം കോടതിയുടെ പരിഗണനയിലായതിനാല്‍ പ്രതികരിയ്‌ക്കില്ലെന്നാണ്, പത്രം എഴുതുന്നു.
എന്നാല്‍, ഇറച്ചി പശുവിന്റേതുതന്നെയായിരുന്നുവെന്ന വാര്‍ത്ത വന്നിട്ടും അതിപ്പോള്‍ രാഷ്‌ട്രീയ ചര്‍ച്ചയാകുന്നില്ല. മഥുരയിലെലാബ് സംസ്ഥാന സര്‍ക്കാരിന്റെ മേല്‍നോട്ടത്തിലാണ്. പക്ഷേ, കേസ് അട്ടിമറിയ്‌ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിയ്‌ക്കുന്നുവെന്ന ആരോപണമാണ് സമാജ്‌വാദി പാര്‍ട്ടി നേതാക്കളും മുഖ്യമന്ത്രി അഖിലേഷ് യാദവും ഉയര്‍ത്തുന്നത്.
















