ആലപ്പുഴ: വാലന്റൈന്‍സ് ദിനവും മാതൃദിനവും ഒക്കെ ആചരിക്കുന്ന നമ്മള്‍ അക്രമത്തിനിരയായ ശിശുക്കളുടെ അന്താരാഷ്‌ട്രദിനം മറന്നുപോകുന്നു. ഈ സാഹചര്യത്തില്‍ ശിശുക്കളുടെ അവകാശങ്ങള്‍ ഓര്‍മ്മിപ്പിപ്പ് വിദ്യാര്‍ത്ഥികള്‍ രംഗത്ത്. പറവൂര്‍ ബ്രൈറ്റ് ലാന്റ് ഡിസ്‌കവറി ഇന്റര്‍നാഷണല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ശിശുക്കളുടെ അന്താരാഷ്‌ട്രദിനം ആചരിക്കേണ്ടതിന്റെ ആവശ്യകതയുമായി രംഗത്തെത്തിയത്.
കുട്ടിക്ക് അച്ഛനോടും അമ്മയോടും ഒരേപോലെ ഇടപെടാനുള്ള അവകാശം, മനുഷ്യത്വപരമായ സമീപനവും ശാരീരിക സംരക്ഷണം ഉറപ്പാക്കുക, ആഹാരം ലഭ്യമാക്കുക, വിവേചനങ്ങളില്‍ നിന്നുള്ള സ്വാതന്ത്ര്യം, തുല്യസംരക്ഷണം, സൗജന്യ വിദ്യാഭ്യാസം തുടങ്ങിയ 1989ലെ ശൈശവ അവകാശ കണ്‍വന്‍ഷനിലെ മാര്‍ഗ്ഗരേഖകള്‍ ഉറപ്പാക്കണമെന്നാണ് കുട്ടികളുടെ ആവശ്യം. ജൂണ്‍ നാല് ആണ് ശിശുക്കളുടെ അന്താരാഷ്‌ട്ര ദിനം. ഇതോടനുബന്ധിച്ച് ഇന്ന് സ്‌കൂളില്‍ പ്രത്യേക ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് വിദ്യാര്‍ത്ഥികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
‘നല്ല സ്പര്‍ശം, മോശം സ്പര്‍ശം’ എന്നിവയെ കുറിച്ച് കുട്ടികള്‍ അറിഞ്ഞിരിക്കണമെന്നും സ്‌കൂളുകളില്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമായി ഇത്തരം കാര്യങ്ങളില്‍ കുട്ടികളെ ബോധവത്കരിക്കണമെന്നും അവര്‍ പറഞ്ഞു. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി എസ്. മാനസ്, ജൂവല്‍ ജിസണ്‍ (ആറാംക്ലാസ്), ആര്‍. ലക്ഷ്മി (എട്ടാംക്ലാസ്), അര്‍ജുന്‍ കൃഷ്ണ(ഏഴാംക്ലാസ്), എറിക് ജോണ്‍ (ഏഴാംക്ലാസ്), സച്ചിന്‍ ജയിംസ് മാത്യു (ഏഴാം ക്ലാസ്), നേഹാ മോനി (എട്ടാംക്ലാസ്) എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
















