ഗുവാഹതി: ആസാമിലെ പത്താം ക്ലാസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ സര്‍ഫ്രാസ് ഹുസൈന്‍ വാര്‍ത്തകളില്‍ ശ്രദ്ധേയനാകുന്നു. 600-ല്‍ 590 മാര്‍ക്ക് നേടിയതും ഒരു ഹോട്ടലിലെ വെയിറ്ററുടെ മകനായതും മാത്രമല്ല, സര്‍ഫ്രാസ് ഹുസൈനെ ഏറെ ശ്രദ്ധേയനാക്കുന്നത്. സര്‍ഫ്രാസ് പഠിച്ച ശങ്കര്‍ ദേവ് ശിശു നികേതന്‍ സ്‌കൂളിന്റെ പ്രത്യേകതയും കാരണമായി.
ഹുസൈന്‍ പഠിച്ച സ്‌കൂള്‍ ആര്‍എസ്എസ് പരിവാര്‍ പ്രസ്ഥാനമായ വിദ്യാഭാരതിയുടെ കീഴിലുള്ളതാണ്. നാലു ലക്ഷത്തിലേറെ കുട്ടികള്‍ എഴുതിയ പരീക്ഷയിലാണ് സര്‍ഫ്രാസ് ശങ്കര്‍ ദേവ് സ്‌കൂളിന്റെയും ആസാമിന്റെയും അഭിമാനമായത്. എന്നാല്‍ നാടെമ്പാടും വിദ്യാഭാരതിക്ക് ഇത്തരത്തിലുള്ള പ്രശസ്തമായ സ്‌കൂളുകളുണ്ടെങ്കിലും ആസാമിലെ സര്‍ഫ്രാസിന്റെ വിജയവാര്‍ത്ത മാധ്യമങ്ങള്‍ ഏറെ ആഘോഷിക്കുന്നുണ്ട്.
ആദ്യപത്തു പേരില്‍ ഒരാളാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. റാങ്ക് പ്രതീക്ഷിച്ചിരുന്നില്ല, സര്‍ഫ്രാസ് ഹുസൈന്‍ പറഞ്ഞു. എനിക്ക് പിന്തുണയേകിയ അധ്യാപകരോടും ബന്ധുക്കളോടും വളരെയേറെ നന്ദിയുണ്ട്. ആത്മാര്‍പ്പണമുണ്ടെങ്കില്‍ എത്ര വലിയ സാമ്പത്തിക പ്രതിസന്ധിയും മറികടക്കാന്‍ കഴിയുമെന്ന് എനിക്ക് വിശ്വാസമുണ്ടായിരുന്നു, സര്‍ഫ്രാസ് പറഞ്ഞു.
സന്തോഷം പ്രകടിപ്പിക്കാന്‍ എനിക്ക് വാക്കുകളില്ല. ബാപ്പ അസ്മല്‍ ഹുസൈന്‍ പറഞ്ഞു. ഫലം വന്നയുടന്‍ മുതിര്‍ന്ന ബിജെപി നേതാവും വിദ്യാഭ്യാസ മന്ത്രിയുമായ ഹീമാന്ത വിശ്വാസ് ശര്‍മ്മ സ്‌കൂളിലെത്തി സര്‍ഫ്രാസിനെ അനുമോദിച്ചു. സര്‍ഫ്രാസിന് ഉപരിപഠനം സൗജന്യമായിരിക്കുമെന്ന് മന്ത്രി ശര്‍മ്മ പ്രഖ്യാപിച്ചു. ഇനി സര്‍ഫ്രാസ് ഗുവാഹതിയിലെ കോട്ടണ്‍ കോളേജിലാകും പഠിക്കുക, അതും പൂര്‍ണമായും സൗജന്യമായി.
ഇതിനു പുറമേ പഠനത്തിന് അഞ്ചു ലക്ഷം രൂപ നല്‍കും. ശങ്കര്‍ദേവ് സ്‌കൂളിലെ അടിസ്ഥാന സൗകര്യവികസനത്തിന് പത്തു ലക്ഷം രൂപ നല്‍കുമെന്നും മന്ത്രി പറഞ്ഞു. സര്‍ഫ്രാസിന്റെ വിജയം നമ്മുടെ ആദര്‍ശ കുടുംബത്തിന് അഭിമാനമാണ്. അദ്ദേഹം തുടര്‍ന്നു. മുന്‍രാഷ്‌ട്രപതി ഡോ. എ. പി. ജെ. അബ്ദുള്‍ കലാമാണ് സര്‍ഫ്രാസിന്റെ ആരാധനാപുരുഷന്‍. എന്‍ജിനീയറാകണമെന്നാണ് സര്‍ഫ്രാസിന്റെ ആഗ്രഹം.
















