മുംബൈ: മുന്‍ കേന്ദ്രധനമന്ത്രി പി. ചിദംബരത്തിനും ഭാര്യ നളിനി ചിദംബരത്തിനു കൂടിയുള്ളത് 95 കോടിയുടെ സ്വത്ത്. രാജ്യസഭയിലേക്ക് മത്സരിക്കാന്‍ മഹാരാഷ്ട്രയില്‍ നിന്ന് സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയിലാണ് ഇക്കാര്യം.
22 പേജുളള സത്യവാങ്മൂലത്തില്‍ തനിക്കും കുടുംബത്തിനും 54.30 കോടി രൂപയുടെ ജംഗമ വസ്തുക്കളുളളതായി ചിദംബരം വെളിപ്പെടുത്തിയിട്ടുണ്ട്. 41.35 കോടി രൂപയുടെ സ്ഥാവര ആസ്തിയുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
2014-15 വര്‍ഷത്തില്‍ കുടുംബത്തിന് 8.58 കോടി രൂപയുടെ വരുമാനമുണ്ടായി. എന്നാല്‍ ഭാര്യ നളിനി ചിദംബരം ആദായ നികുതി വകുപ്പിന് സമര്‍പ്പിച്ച രേഖകളില്‍ 1.25 കോടിരൂപയുടെ വരുമാനമാണ് കാണിച്ചത്. ചിദംബരത്തിന്റെ മാത്രം ഉടമസ്ഥതയില്‍ 42.95 കോടി രൂപയുടെ ജംഗമ ആസ്തിയുണ്ട്. 4.25 കോടിയുടെ സ്ഥാവര ആസ്തിയും. ഭാര്യയ്ക്ക് 11.23 കോടി രൂപയുടെ ജംഗമ വസ്തുക്കളുണ്ട്; 25.03 കോടിയുടെ സ്ഥാവര ആസ്തിയും.
ചിദംബരത്തിന്റെ പക്കല്‍ മൂന്നര ലക്ഷം രൂപയുണ്ട്. ഭാര്യയുടെ കൈയില്‍ 1.24 ലക്ഷവും. പതിമൂന്ന് ബാങ്കുകളില്‍ ഈ മുന്‍ ധനമന്ത്രിയ്ക്ക് അക്കൗണ്ടുണ്ട്. ചെന്നൈ, ന്യൂദല്‍ഹി, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലായാണ് അവ. എന്നാല്‍ നളിനിയ്ക്ക് ആറ് അക്കൗണ്ടുകളേയുളളൂ.
ജംഗമവസ്തുക്കളുടെ കൂട്ടത്തില്‍ ചിദംബരത്തിന് 87,232 രൂപ വിലവരുന്ന 32ഗ്രാം സ്വര്‍ണവും 97,500 രൂപ വിലവരുന്ന 3.25 ക്യാരറ്റ് വജ്രവും ഉണ്ട്. ഭാര്യയുടെ പക്കല്‍ 39.17ലക്ഷം വിലവരുന്ന 1.43 കിലോ സ്വര്‍ണമുണ്ട്. 20.46 ലക്ഷം വില വരുന്ന 52 കിലോ സ്വര്‍ണവും ഇവര്‍ക്കുണ്ട്.
ചിദംബരത്തിന് കാറുകളുടെ കൂട്ടത്തില്‍ സ്വന്തമായി ഓരോ ഹോണ്ടയും സ്കോഡയുമുണ്ട്. ഭാര്യയ്ക്ക് ഒരു ടൊയോട്ട ഇന്നോവ.
സ്ഥാവര വസ്തുക്കളുടെ കൂട്ടത്തില്‍ 1994ല്‍ ചിദംബരം കര്‍ണാടകയില്‍ 38.72 ഏക്കര്‍ കൃഷി ഭൂമി വാങ്ങിയതായും പറയുന്നുണ്ട്. അന്ന് അതിന് 25.16 ലക്ഷം രൂപയായിരുന്നു വില. 3.77 ലക്ഷം പണം നിക്ഷേപിച്ച് ചില വികസന പ്രവര്‍ത്തികള്‍ നടത്തിയതായും വ്യക്തമാക്കുന്നുണ്ട്. ഇപ്പോഴിതിന്റെ വിപണി വില 1.93 കോടിയാണെന്നും സത്യവാങ്ങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഹിന്ദു കൂട്ടുകുടുംബ വ്യവസ്ഥ പ്രകാരം 12.07 കോടി രൂപ മൂല്യമുളള സ്ഥാവര ആസ്തിയില്‍ 11.86 ലക്ഷം രൂപയുടേതിന് ഇദ്ദേഹത്തിന് അവകാശമുണ്ട്. താന്‍ സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനാണെന്നാണ് അദ്ദേഹം സത്യവാങ്മൂലത്തില്‍ പരിചയപ്പെടുത്തുന്നത്. ഭാര്യ കര്‍ണാടക ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകയാണെന്നും വെളിപ്പെടുത്തുന്നു.
















