ആലപ്പുഴ: വേമ്പനാട് കായലിനോട് ചേര്‍ന്നു കിടക്കുന്ന മുഹമ്മ പഞ്ചായത്ത് പൂര്‍ണ്ണ ഒഡിഎഫ് ഗ്രാമപഞ്ചായത്തായി (സമ്പൂര്‍ണ്ണ ശൗചാലയ സൗകര്യമുള്ള പഞ്ചായ ത്തായി) പ്രഖ്യാപിച്ചു. ഇന്നലെ ചേര്‍ന്ന പ്രത്യേക പഞ്ചായത്ത് കമ്മറ്റിയാണ് മുഹമ്മ ഗ്രാമപഞ്ചായത്തിനെ ഒഡിഎഫ് ഗ്രാമപഞ്ചായത്തായി പ്രഖ്യാപിച്ചത്.
ജില്ലാ ശുചിത്വമിഷന്റേയും പഞ്ചായത്തിന്റെയും ശ്രമഫലമാണ് മുഹമ്മ ഗ്രാമപഞ്ചായത്തിനെ ഒഡിഎഫ് ഗ്രാമപഞ്ചായത്താക്കി മാറ്റിയത്. 23,52,600 രൂപ ചെലവില്‍ 283 ടോയ്‌ലറ്റുകളാണ് ഗ്രാമപഞ്ചായത്ത് ഇതിനകം നിര്‍മ്മിച്ചു നല്‍കിയത്. മുഹമ്മ പഞ്ചായത്ത് ഓഫീസില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍, പഞ്ചായത്ത് സെക്രട്ടറി എസ്. അംബിക, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ. ജയലാല്‍, ജില്ലാ ശുചിത്വമിഷന്‍ കോര്‍ഡിനേറ്റര്‍ ജി. അനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
















