ലക്നൗ: ഉത്തർപ്രദേശിൽ സ്ത്രീ ധനം നൽകാത്തതിനെ തുടർന്ന് ഭർത്താവ് ഭാര്യയെ സെൽഫി ഫോട്ടോ എടുക്കുന്നതിനിടെ കനാലിൽ തള്ളിയിട്ട് കൊലപ്പെടുത്തി. മീററ്റിനു സമീപമുള്ള ശ്രദ്ധന പ്രദേശത്താണ് യുവതി ഭർത്താവിന്റെ ക്രൂരതയ്‌ക്ക് ഇരയായത്.
കഴിഞ്ഞ ദിവസം വൈകീട്ടാണ് മീററ്റ് സ്വദേശി അഫ്താബ്(30) തന്റെ ഭാര്യ അയിഷയെ(24) കനാലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയത്. കനാലിൽ തള്ളിയിട്ട ശേഷം ആറ് മാസം പ്രായമുള്ള കുഞ്ഞുമായി ഇയാൾ സമീപത്തെ പോലീസ് സ്റ്റേഷനിൽ എത്തി തന്നെയും ഭാര്യയെയും അജ്ഞാതർ അക്രമിക്കുകയും അയിഷയെ ഗംഗാ കനാലിൽ തള്ളിയിടുകയുമായിരുന്നെന്ന് പരാതി നൽകി.
എന്നാൽ ഇയാളുടെ പരാതിയിൽ സംശയം തോന്നിയ പോലീസ് കൂടുതൽ ചോദ്യം ചെയ്യലിന് വിധേയനാക്കുകയായിരുന്നു. സ്ത്രീ ധനം നൽകാത്തതിൽ പ്രതിഷേധിച്ച് താൻ ഭാര്യയെ സെൽഫി എടുക്കുന്നതിനിടെ തള്ളിയിടുകയായിരുന്നെന്ന് ഇയാൾ കുറ്റസമ്മതം നടത്തി. ഒന്നര വർഷം മുൻപാണ് ഇവർ വിവാഹിതരായത്.
സ്ത്രീധന പീഡനം , കൊലപാതകം എന്നീ കുറ്റങ്ങൾ ചുമത്തി ഭർത്താവ് അഫ്താബ്, ഭർതൃ സഹോദരൻ ഷെഹസാദ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
















