ന്യൂദൽഹി: മൂന്ന് ചൊല്ലിയുള്ള തലാഖ് വിവാഹ മോചനം നിർത്തലാക്കാൻ ഭാരതീയ മുസ്ലീം മഹിള ആന്ദോളൻ സമരഘട്ടത്തിലേക്ക് നീങ്ങുന്നു. ഇതിനായി മുസ്ലീം സമുദായത്തിൽപ്പെട്ട അൻപതിനായിരത്തോളം സ്ത്രീകളുടെയും പുരുഷന്മാരുടെയും ഒപ്പ് രേഖപ്പെടുത്തിയ നിവേദനം തയ്യാറാക്കി.
രാജ്യത്തെ മൂന്ന് ചൊല്ലിയുള്ള തലാഖ് വിവാഹ മോചനം നിർത്തലാക്കണം, ഇതിനായി അൻപതിനായിരത്തോളം മുസ്ലീം വിഭാഗത്തിൽപ്പെട്ട പുരുഷന്മാരുടെയും സ്ത്രീകളുടെയും ഒപ്പ് രേഖപ്പെടുത്തിയ നിവേദനം തയ്യാറാക്കിയിട്ടുണ്ട്, ഈ നിവേദനം ദേശീയ വനിത കമ്മീഷൻ ചെയർപേഷ്സൺ ലളിത കുമാരമംഗലത്തിന് സമർപ്പിക്കുമെന്ന് ബിഎംഎംഎ വക്താവ് നൂർജഹാൻ സക്കിയാ റഹ്മാൻ അറിയിച്ചു.
ഖുറാൻ നിഷ്കർഷിക്കുന്ന നിയമമല്ല മൂന്ന് ചൊല്ലിയുള്ള താലാഖ് വിവാഹ മോചനം, ഇത്തരത്തിലുള്ള നീചമായ പ്രവർത്തി മൂലം രാജ്യത്തെ ആയിരക്കണക്കിന് പെൺകുട്ടികളുടെ ജീവിതമാണ് നശിപ്പിച്ചത്. ഈ തലാഖ് വിവാഹ മോചനം അവസാനിപ്പിക്കേണ്ടത് മുസ്ലീം പെൺകുട്ടികളുടെ ഭാവിക്ക് അത്യന്താപേക്ഷിതമാണ്. ഇതിനായി ദേശീയ വനിത കമ്മീഷന്റെ സഹായം തേടുമെന്നും ബിഎംഎംഎ വക്താക്കൾ അറിയിച്ചു.
ബിഎംഎംഎ സംഘടന സമരത്തിന് മുന്നോടിയായി രാജ്യത്തെ മുസ്ലീം സമുദായത്തിൽപ്പെട്ട സ്ത്രീകളിൽ ഒരു പഠനം നടത്തിയിരുന്നു. 92 ശതമാനത്തോളം മുസ്ലീം വനിതകൾ മൂന്ന് ചൊല്ലിയുള്ള തലാഖ് വിവാഹ മോചനം നിർത്തലാക്കാൻ ആഗ്രഹിക്കുന്നുണ്ടെന്ന് പഠനത്തിൽ പറയുന്നു.ഫോൺ, ഇമെയിൽ, മെസേജ് വഴി വരെ തലാഖ് ചൊല്ലുന്ന അവസ്ഥയാണ് ഇപ്പോൾ ഉള്ളതെന്നും പഠനത്തിൽ പറയുന്നു. ക്രമേണ ഇത് ഇല്ലാതാക്കാൻ കഴിയുമെന്നാണ് സംഘടന കരുതുന്നത്.
















