ന്യൂദല്‍ഹി: അന്താരാഷ്ട്ര ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിനോട് 500ഓളം ഭാരതീയരായ യുവാക്കള്‍ ആഭിമുഖ്യം പുലര്‍ത്തുന്നതായി റിപ്പോര്‍ട്ട്. ഐഎസില്‍ ആകൃഷ്ടരായ ഇവരുടെ നീക്കങ്ങള്‍ എന്‍ഐഎയുടെ നിരീക്ഷണത്തിലാണ്.
ഐഎസിന് ഇന്നുവരെ ഭാരതത്തില്‍ വേരുറപ്പിക്കാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ രാജ്യത്തിന്റെ മിക്കഭാഗങ്ങളിലും ഐഎസിനോട് ആഭിമുഖ്യമുള്ളവരുണ്ടെന്നാണ് സംസ്ഥാന പോലീസുകളും രഹസ്യാന്വേഷണ വിഭാഗവും നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്. ജമ്മുകശ്മീര്‍, കര്‍ണ്ണാടക, കേരള, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ദല്‍ഹി, എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് എന്‍ഐഎയുടെ നിരീക്ഷണത്തിലുള്ളത്.
ഇതില്‍ ചിലരെ രഹസ്യാന്വേഷണ വിഭാഗം ചോദ്യം ചെയ്ത് കൗണ്‍സിലിങ്ങിനു ഹാജരാക്കിയശേഷം വിട്ടയച്ചു. ജെയ്ഷെ മുഹമ്മദ്, ഇന്ത്യന്‍ മുജാഹിദ്ദീന്‍, ലഷ്കര്‍ ഇ തോയ്ബ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍, തുടങ്ങിയ സംഘടനയില്‍ പ്രവര്‍ത്തിച്ചവരാണ് ഐഎസിനോട് ആഭിമുഖ്യം പുലര്‍ത്തുന്നതെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്.
ഈ യുവാക്കള്‍ ഐഎസ് നേതാക്കളുമായി നിരന്തരം ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ട്.
ഇവര്‍ ഇന്റര്‍നെറ്റ് വഴി ഐഎസിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുകയും ചര്‍ച്ചകളില്‍ സജീവമായി പങ്കെടുക്കുകയും ചെയ്യുന്നുമുണ്ട്. ട്രില്യണ്‍, ലൈവ്്, ടാങ്കോ, കിക്, നിംബുസ്, വോക്സര്‍, ടാല്ക്റെ, ഗ്രൂപ്മി, വൈബെര്‍, ഹൈക്, കാകോ, ടോക്, ഐഎംപ്ലസ്, ഫെയ്സ്ബുക്, ട്വിറ്റര്‍ തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് ഐഎസുമായി ഇവര്‍ ബന്ധപ്പെടുന്നത്.
ഐഎസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് 49 ഭാരതീയരെയാണ് എന്‍ഐഎ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇവരെല്ലാം ഇറാഖിലേക്കും സിറിയയിലേക്കും കടന്ന് ഭീകര പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ ആഗ്രഹിക്കുന്നവരാണ്.
















