ന്യൂദല്‍ഹി: രാജ്യതലസ്ഥാനത്തും കേരളത്തിലും നടപ്പാക്കാനുത്തരവിട്ട ഡീസല്‍ വാഹന നിരോധനം മറ്റു സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ ഉടനുദ്ദേശിക്കുന്നില്ലെന്ന് ദേശീയ ഹരിത ട്രിബ്യൂണല്ചെയര്മാന് ജസ്റ്റിസ് സ്വതന്ത്രകുമാര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
പത്തുവര്‍ഷത്തിലേറെ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നതിനെതിരെ കേന്ദ്രഘന വ്യവസായ വകുപ്പിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പിങ്കി ആനന്ദ് കോടതിയില്‍ വാദിച്ചു.
2000സിസിക്ക് മുകളിലുള്ള വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നതിനെയും പിങ്കി ആനന്ദ് എതിര്‍ത്തു. മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ വിദേശനിക്ഷേപം അടക്കം ക്ഷണിച്ചുകൊണ്ട് ഓട്ടോമൊബൈല്‍ മേഖലയില്‍ വന്‍കുതിപ്പിന് ലക്ഷ്യമിടുന്ന കേന്ദ്രസര്‍ക്കാരിനെ ഹരിത ട്രിബ്യൂണല്‍ നടപടികള്‍ തളര്‍ത്തുമെന്ന് പിങ്കി ആനന്ദ് അറിയിച്ചു.
ഡീസല്‍ വാഹനങ്ങള്‍ മാത്രമല്ല മാലിന്യത്തിന് കാരണമെന്ന് ഓട്ടോമൊബൈല്‍ മാനുഫാക്ചേഴ്സിന് വേണ്ടി ഹാജരായ എ.എം സിങ്വിയും കോടതിയെ ധരിപ്പിച്ചു.
















