ഇരിട്ടി: കഴിഞ്ഞ ദിവസം പയ്യാവൂരിനു സമീപം തിരൂരില്‍ ചമതച്ചാല്‍ പുഴയില്‍ മുങ്ങിമരിച്ച അഞ്ച് പിഞ്ചു കുഞ്ഞുങ്ങളുടെ വീടുകളില്‍ ബിജെപി ജില്ലാ പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ സന്ദര്‍ശനം നടത്തി. ഒരേ കുടുംബത്തിലെ സഹോദരങ്ങള്‍ അടക്കം അഞ്ച് പിഞ്ചു വിദ്യാര്‍ഥികളാണ് കഴിഞ്ഞ ദിവസം പുഴയിലെ കയത്തില്‍ മുങ്ങി മരിച്ചത്.
പുഴയില്‍ മുങ്ങി മരിച്ച തിരൂരിലെ ഒറിജ സലിജന്‍, സഫാന്‍ സലിജന്‍ എന്നിവരുടെയും പിതൃ സഹോദര മക്കളായ അഖില്‍ ജോസ്, ആയല്‍ ജോസ്,മാണിക്ക് ജോയ് എന്നിവരുടെയും വീടുകളിലാണ് കുമ്മനം സന്ദര്‍ശനം നടത്തിയത്. ഇവരുടെ മൂന്നു വീടുകളിലും സന്ദര്‍ശനം നടത്തിയ അദ്ദേഹം ഇവരുടെ മാതാപിതാക്കളേയും ബന്ധുക്കളെയും ആശ്വസിപ്പിച്ചു.
ബിജെപി സംസ്ഥാന പ്രസിഡണ്ടിനൊപ്പം സംസ്ഥാന സമിതി അംഗം കെ.രഞ്ജിത്ത്, മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റ് ആനിയമ്മ രാജേന്ദ്രന്‍, ബിജെപി തെരഞ്ഞെടുപ്പ് സെല്‍ ജില്ലാ കണ്‍വീനര്‍ പി. ബാലകൃഷ്ണന്‍ മാസ്റ്റര്‍, ഇരിക്കൂര്‍ മണ്ഡലം പ്രസിഡന്റ് കെ.ജെ.മാത്യു, ആര്‍എസ്എസ് ജില്ലാ സഹകാര്യവാഹ് പി.ഒ.രാജേഷ്, പയ്യാവൂര്‍ മണ്ഡലം പ്രസിഡന്റ് കെ.വി.പ്രദീപ് തുടങ്ങിയവരും ഉണ്ടായിരുന്നു.
മരിച്ച കുട്ടികളുടെ കുടുംബത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധന സഹായം ലഭ്യമായില്ലെന്നും മൃതദേഹവുമായെത്തിയ ആംബുലന്‍സിന്റെ പണംപോലും അധികൃതര്‍ നല്‍കാന്‍ തയ്യാറായതില്ലെന്നും ബന്ധുക്കളും നാട്ടുകാരും ബിജെപി നേതാക്കളോട് പരാതി പറഞ്ഞു. സംഭവം ഗൗരവമായെടുക്കുമെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും കുമ്മനം അറിയിച്ചു.
















