കണ്ണൂര്‍: ധര്‍മ്മത്തിലധിഷ്ഠിതമായി സംസ്ഥാന ഭരണകൂടം പ്രവര്‍ത്തിക്കണമെന്നും എല്ലാവര്‍ക്കും തുല്യനീതി ഉറപ്പുവരുത്തണമെന്നും ബിജെപി നേതാവും നിയുക്ത എംഎല്‍എയുമായ ഒ.രാജഗോപാല്‍ പറഞ്ഞു. ബിജെപി സംസ്ഥാന കമ്മറ്റി സംഘടിപ്പിക്കുന്ന വിജയയാത്രയുടെ ഉദ്ഘാടന പരിപാടിയില്‍ കണ്ണൂരില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ മൂന്നാം ശക്തിയായി ഉയര്‍ന്ന എന്‍ഡിഎ സഖ്യത്തിലെ ഒരാളെപ്പോലും നിയമസഭ കാണിക്കില്ലെന്നായിരുന്നു ഇടത്-വലത് നേതാക്കളായ എ.കെ.ആന്റണി മുതല്‍ കോടിയേരിവരെ തെരഞ്ഞെടുപ്പിന് മുമ്പ് പ്രഖ്യാപിച്ചിരുന്നത്. ഈ നിലപാട് ജനാധിപത്യ വിരുദ്ധമാണെന്നും ആരെ തെരഞ്ഞെടുക്കണമെന്ന അവകാശം ജനങ്ങള്‍ക്കുളളതാണെന്നുമായിരുന്നു താനന്ന് പ്രതികരിച്ചത്. സന്ദര്‍ശക പാസെടുത്ത് നിയമസഭയില്‍ കയറിയാല്‍ മതിയെന്നായിരുന്നു ആന്റണി പരിഹസിച്ചത്. എന്നാല്‍ ജനങ്ങള്‍ തെരഞ്ഞെടുപ്പിലൂടെ ഉത്തരം പറഞ്ഞു. സന്ദര്‍ശക ഗാലറിയിലിരിക്കാനുളള സന്ദര്‍ശക പാസ് തരാമെന്ന് പറഞ്ഞവര്‍ക്കുളള മറുപടിയാണ് തന്റെ വിജയം. രണ്ട് മുന്നണികളേയും വെറുത്തുകഴിഞ്ഞ 30 ലക്ഷം ജനങ്ങളാണ് സംസ്ഥാനത്ത് ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്തത്. ധര്‍മ്മരാജ്യം സാക്ഷാത്ക്കരിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. സാങ്കേതികമായി ഒരാള്‍ മാത്രമേ ബിജെപിക്കു വേണ്ടി നിയമസഭയിലേക്ക് വിജയിച്ചിട്ടുളളൂവെങ്കിലും ആറ് മണ്ഡലങ്ങളില്‍ ഒന്നാം സ്ഥാനത്ത് വരികയും 30 ലക്ഷത്തിലധികം വോട്ട് നേടുകയും ചെയ്ത എന്‍ഡിഎ സഖ്യം സംസ്ഥാനത്ത് നിര്‍ണ്ണായക ശക്തിയായി മാറിയിരിക്കുകയാണ്. ഈ മുന്നേറ്റം ഏതെങ്കിലും ഒരുവിഭാഗത്തിന്റേതല്ലെന്നും എല്ലാവരുടേതുമാണെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിലെ സാധാരണക്കാര്‍ക്കു വേണ്ടി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗത്തിനുവേണ്ടി നിയമസഭാ സാമാജികത്വം ഉപയോഗപ്പെടുത്തി കൊണ്ട് പ്രവര്‍ത്തിക്കുകയെന്നതാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ പതിനായിരക്കണക്കിന് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് പ്രേരണാ സ്രോതസ്സായിരുന്ന മാരാര്‍ജിയുടെ ദീപ്ത സ്മരണകളുറങ്ങുന്ന കണ്ണൂരിലെ മണ്ണില്‍ നിന്നും നിയമസഭാ പ്രവേശനത്തിനുളള യാത്ര ആരംഭിക്കാന്‍ സാധിച്ചത് ചരിത്ര നിയോഗമാണെന്ന് അദ്ദേഹം പറഞ്ഞു. ഉദാത്തമായ ആദര്‍ശത്തിനു വേണ്ടി ജീവിതം മാറ്റിവെച്ച മാരാര്‍ജിയുടെ പ്രവര്‍ത്തന ശൈലി ഏവര്‍ക്കും അനുകരണീയ മാതൃകയാണ്. മാരാര്‍ജി ഉയര്‍ത്തിപ്പിടിച്ച ആദര്‍ശത്തിന്റെ ലക്ഷ്യത്തിലേക്കുളള സുപ്രധാനമായ കാല്‍വെപ്പാണ് തന്റെ നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയം. തന്നിലൂടെ ഉണ്ടായിരിക്കുന്ന ഈ നേട്ടം പൂര്‍ണ്ണ ലക്ഷ്യപ്രാപ്തിയിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
















