കുട്ടനാട്: നെല്ലിന്റെ സംഭരണ വില പൂര്‍ണമായും വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് എന്‍ഡിഎ കുട്ടനാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മങ്കൊമ്പ് പാഡി ഓഫിസിലേക്കു മാര്‍ച്ചും ധര്‍ണയും നടത്തി. മങ്കൊമ്പ് ബ്ലോക്ക് ജംക്ഷനില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് പാഡി ഓഫിസിനു സമീപം പൊലീസ് തടഞ്ഞു. തുടര്‍ന്നു നടന്ന ധര്‍ണ ബിഡിജെഎസ് ദേശീയ സെക്രട്ടറി സുഭാഷ് വാസു ഉദ്ഘാടനം ചെയ്തു. നെല്ലിന്റെ സംഭരണവില എത്രയും വേഗം വിതരണം ചെയ്തില്ലെങ്കില്‍ സമരം തലസ്ഥാനത്ത് നടക്കുമെന്നും സഭയ്‌ക്കകത്തും ഈ വിഷയം ഉന്നയിക്കപ്പെടുമെന്നും സുഭാഷ് വാസു പറഞ്ഞു. ബിജെപി കുട്ടനാട് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ഡി. പ്രസന്നകുമാര്‍ അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ സെക്രട്ടറി ടി.കെ. അരവിന്ദാക്ഷന്‍ മുഖ്യപ്രഭാഷണം നടത്തി. ബിഡിജെഎസ് ജില്ലാപ്രസിഡന്റ് ബി. സുരേഷ് ബാബു, സന്തോഷ് ശാന്തി, കെ.എസ്.സജിമോന്‍, സതീഷ് മുട്ടാര്‍, ദയകുമാര്‍ ചെന്നിത്തല, സുദീപ് വി.നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
















