ശ്രീകണ്ഠപുരം(കണ്ണൂര്‍): പയ്യാവൂര്‍ ചമതച്ചാല്‍ പുഴയില്‍ കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം മുങ്ങിമരിച്ച തിരൂര്‍ സ്വദേശികളായ അഞ്ച് വിദ്യാര്‍ത്ഥികളുടേയും മൃതദേഹം ഇന്നലെ വൈകുന്നേരം 6 മണിയോടെ സംസ്‌കരിച്ചു. ഒരൊറ്റ കല്ലറയിലാണ് ഒരുമിച്ച് മരണത്തെ പുല്‍കിയ അഞ്ചുപേരുടേയും മൃതദേഹങ്ങള്‍ അടക്കം ചെയ്തത്. ഒരു നാടുമുഴുവന്‍ ആ രംഗം കണ്ട് വിതുമ്പിനിന്നു. കുട്ടികളുടെ മരണം ഉള്‍ക്കൊള്ളാന്‍ പയ്യാവൂര്‍ ഗ്രാമത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
പയ്യാവൂര്‍ ചമതച്ചാല്‍ പുഴയില്‍ മുങ്ങിമരിച്ച ഒരു കുടുംബത്തിലെ തന്നെ അഞ്ചുകുട്ടികളുടെയും മൃതദേഹം ഇന്നലെ ഉച്ചകഴിഞ്ഞാണ് തിരൂര്‍ സെന്റ് ഫ്രാന്‍സിസ് അസീസി ദേവാലയത്തിലെ സെമിത്തേരിയില്‍ സംസ്‌കരിച്ചത്. അഞ്ചു പേര്‍ക്കുമായി 15 അടി നീളവും ആറര അടി വീതിയിലുമുള്ള കല്ലറയാണു സജ്ജമാക്കിയിരുന്നത്.
പഠനത്തിലും കളിയിലും എന്നും ഒരുമിച്ചായിരുന്നവര്‍ക്ക് ഒന്നിച്ചുതന്നെ അന്ത്യവിശ്രമമൊരുക്കാന്‍ ബന്ധുക്കളും നാട്ടുകാരും തീരുമാനിക്കുകയായിരുന്നു. പരിയാരം മെഡിക്കല്‍ കോളജില്‍ നിന്ന് മൃതദേഹങ്ങള്‍ രാവിലെ പത്ത് മണിയോടെ നാട്ടിലെത്തിച്ച ശേഷം പയ്യാവൂര്‍ സെന്റ് ആന്റ്‌സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലും തുടര്‍ന്ന് സേക്രട്ട് ഹാര്‍ട്ട് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും പൊതുദര്‍ശനത്തിനുവെച്ചു. തുടര്‍ന്ന് അപകടത്തില്‍ രണ്ടുകുട്ടികള്‍ നഷ്ടപ്പെട്ട ആക്കംപറമ്പില്‍ സജിലന്റെ വീട്ടില്‍ അഞ്ചുകുട്ടികളുടെയും മൃതദേഹം എത്തിച്ച ശേഷം മരിച്ച ഓരോ കുട്ടികളുടെയും വീടുകളിലും മൃതദേഹമെത്തിച്ചു.
















