കണ്ണൂര്‍: കാലവര്‍ഷക്കെടുത്തിക്ക് ഇരയാകുന്നവര്‍ക്ക് ഒരാഴ്ചക്കകം സഹായധനം നല്‍കണമെന്ന് മന്ത്രി കെ.കെ.ശൈലജ നിര്‍ദേശിച്ചു. കലക്ടറേറ്റില്‍ ചേര്‍ന്ന തദ്ദേശസ്ഥാപന പ്രതിനിധികള്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍.
കൃഷി നാശമുണ്ടായാല്‍ 24 മണിക്കൂറിനുള്ളില്‍ കൃഷി ഓഫീസര്‍മാര്‍ സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കണം. വില്ലേജ് ഓഫീസര്‍മാരും ആവശ്യമായ പരിശോധനകള്‍ എത്രയും വേഗം നടത്തി ഒരാഴ്ചക്കകം സഹായ ധനം കൈമാറാന്‍ കഴിയണം.
ജില്ലയില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ മനസ്സിലാക്കി പ്രകൃതി ദുരന്തമുണ്ടായാല്‍ നേരിടാനാവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കി നിര്‍ത്തണം. ആവശ്യമെങ്കില്‍ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനാവശ്യമായ സംവിധാനങ്ങളും മുന്‍കൂട്ടി ഒരുക്കണമെന്നും മന്ത്രി പറഞ്ഞു.
















