തലശ്ശേരി: പുതിയ ബസ്സ്റ്റാന്റിനടുത്ത് കഴിഞ്ഞദിവസം പട്ടാപ്പകല്‍ പണവും മൊബൈല്‍ഫോണും കവര്‍ന്നെന്ന മധ്യവയസ്‌കന്റെ പരാതി കെട്ടുകഥയാണെന്ന് വെളിപ്പെട്ടു. ഇതേത്തുടര്‍ന്ന് പരാതിക്കാരന്റെ പേരില്‍ തലശ്ശേരി പോലീസ് കേസെടുത്തു. കായ്യത്ത് സ്വദേശി ലിബര്‍ട്ടി അബ്ദുള്‍ ഖാദറിനെതിരെ(60)യാണ് കേസെടുത്തത്. കോഴിക്കോട്ടെ ഒരു സ്വകാര്യ സ്ഥാപനത്തിലെ കലക്ഷന്‍ ഏജന്റാണ് ഇയാള്‍. പുതിയ ബസ്സ്റ്റാന്റിലെ കോഫിഹൗസില്‍ പോകുന്നതിനിടയില്‍ തന്നെ അക്രമിച്ച് 45,000 രൂപയടങ്ങിയ പേഴ്‌സും മൊബൈല്‍ ഫോണും തട്ടിയെടുത്തുവെന്നും ചെറുത്തുനിന്ന തന്നെ തള്ളിയിട്ട് രക്ഷപ്പെട്ടുവെന്നുമായിരുന്നു പരാതി. പ്രതികളെ കണ്ടെത്താന്‍ പോലീസ് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പരാതിക്കാരനെ വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് ആരോപണം കെട്ടുകഥയാണെന്ന് വ്യക്തമായത്.
















