ഇരിട്ടി: സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം ഇരിട്ടി കേന്ദ്രമാക്കി തുടങ്ങാന്‍ അനുമതി ലഭിച്ച ഗ്രാമീണ ന്യായാലയം (ഗ്രാമീണ കോടതി) ഉദ്ഘാടനത്തിനൊരുങ്ങുന്നു. ജൂണ്‍ മാസമൊടുവില്‍ ഇതിന്റെ ഉദ്ഘാടനം നത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ. കോടതിക്കായി കണ്ടുവെച്ച കല്ലുമുട്ടിയിലെ ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള പായം പഞ്ചായത്തിന് കീഴിലുള്ള ശിശു മന്ദിരത്തിന്റെ കെട്ടിടം ഇതിനായി വിട്ടുനല്‍കിയിരുന്നു. കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ജില്ലാ സെഷന്‍സ് ജഡ്ജി വി.ജി.അനില്‍ കുമാര്‍ ശനിയാഴ്ച പരിശോധിച്ചു.
കെട്ടിടവും പരിസരവും അനുബന്ധസൗകര്യങ്ങളും ന്യാലയത്തിന് ഉചിതമാണെന്ന് ജഡ്ജി കണ്ടെത്തി. ഇനിയും വേണ്ട സൗകര്യങ്ങളൊരുക്കുവാന്‍ നിര്‍ദ്ദേശിച്ച അദ്ദേഹം ജൂണ്‍ പത്തോടെ വീണ്ടും ഇവിടെയെത്തി ഉദ്ഘാടനത്തിന്റെയും മറ്റും കാര്യങ്ങളില്‍ തീരുമാനം കൈക്കൊള്ളുമെന്നറിയിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി.റോസമ്മ, ഇരിട്ടി നഗരസഭാ ചെയര്‍മാന്‍ പി.പി.അശോകന്‍, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ശ്രീധരന്‍, പായം പഞ്ചായത്ത് പ്രസിഡന്റ് എന്‍.അശോകന്‍, അഡ്വ.എന്‍.എം.രമേശന്‍, അഡ്വ.എം.വിനോദ് കുമാര്‍, അഡ്വ.പി.സി.ചാക്കോ, അഡ്വ.ഷീന, എന്‍.വി.രവീന്ദ്രന്‍, വി.പി.മധു തുടങ്ങിയവരും ജില്ലാ സെഷന്‍സ് ജഡ്ജി അനില്‍ കുമാറിനൊപ്പമുണ്ടായിരുന്നു.
കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ വേഗം തീര്‍പ്പാക്കുക എന്ന ഉദ്ദേശത്തോടെ സുപ്രീം കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഗ്രാമീണ ന്യായാലയങ്ങള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇത്തരം ന്യായാലയങ്ങള്‍ക്ക് കേന്ദ്ര-സംസ്ഥാന ഗവര്‍മ്മെണ്ടുകള്‍ വേണ്ട സഹായം നല്‍കി വരുന്നു. ചെറിയ കാലയളവിലേക്ക് തടവ് കിട്ടുന്ന കേസുകള്‍, പെറ്റിക്കേസുകള്‍, കുടുംബത്തര്‍ക്കങ്ങള്‍, ലഘു വകുപ്പുകള്‍ ചുമത്തുന്ന ഇതര കേസുകള്‍ എന്നിവ ഈ കോടതികള്‍ കൈകാര്യം ചെയ്യും. ഭാവിയില്‍, കുടുംബ കോടതി സിറ്റിംഗ്, മോട്ടോര്‍ ആക്‌സിഡന്റ് ക്ലൈയിം ട്രിബ്യൂണല്‍ സിറ്റിംഗ് എന്നിവക്കും ന്യായാലയയില്‍ സൗകര്യമൊരുക്കും. ഇരിട്ടി-കൂട്ടുപുഴ റോഡില്‍ പായം പഞ്ചായത്തില്‍ ഇരിട്ടി പോലീസ് സ്റ്റേഷനില്‍ നിന്നും വിളിപ്പാടകലെയാണ് ഇപ്പോള്‍ ഗ്രാമീണ ന്യായാലയത്തിനായി കണ്ടെത്തിയിട്ടുള്ള കെട്ടിടം സ്ഥിതിചെയ്യുന്നത്.
















