കണ്ണൂര്‍: ഇരിട്ടി കാര്‍ഷിക വികസന ബേങ്കില്‍ വഴിവിട്ട് പ്രമോഷന്‍ നല്‍കാന്‍ നീക്കം നടക്കുന്നതായി പരാതി. കണ്ണൂര്‍-തലശ്ശേരി എന്നീ കാര്‍ഷിക വികസന ബാങ്കുകളുടെ പരിധികള്‍ ചേര്‍ത്ത് ഏതാനും മാസം മുമ്പ് പുതുതായി രൂപീകരിച്ച ഇരിട്ടി സഹകരണ കാര്‍ഷിക വികസന ബാങ്കില്‍ കണ്ണൂര്‍ സഹകരണ കാര്‍ഷിക ബാങ്കിലെ ജീവനക്കാരെ ഉള്‍പ്പെടുത്താതെ സീനിയോറിറ്റി ലിസ്റ്റ് ഉണ്ടാക്കാനും പ്രമോഷന്‍ നല്‍കുന്നതിനും സ്‌പെഷ്യല്‍ ഓഫീസറായ ഇരിട്ടി അഡ്മിനിസ്‌ട്രേറ്റര്‍ നീക്കം നടത്തുന്നതായാണ് പരാതി. സഹകരണ വകുപ്പിലെ അഡ്മിനസ്‌ട്രേറ്റര്‍ എ.ആര്‍ ആണ് ഇതിനു വേണ്ട ഒത്താശകള്‍ ചെയ്തു കൊടുക്കുന്നതായും ആരോപണമുണ്ട്. കാര്‍ഷിക വികസന ബാങ്ക് വിഭജനത്തിലെ ജീവനക്കാരുടെ കേസ് ഹൈക്കോടതിയില്‍ നിലനില്‍ക്കുകയാണ്. അതിനിടെയാണ് വഴിവിട്ട് പ്രമോഷന്‍ നല്‍കാന്‍ നീക്കം നടക്കുന്നതെന്നാണ് ആരോപണം. ഇതിനെതിരെ സഹകരണ വകുപ്പ് മന്ത്രിക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് ഒരു വിഭാഗം ജീവനക്കാര്‍. വ്യാജ മെമ്പര്‍മാരെ ചേര്‍ത്ത് ഇരിട്ടി കായിക വികസന ബാങ്കില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ ശ്രമം നടത്തിയെങ്കിലും ഹൈക്കോടതി തെരഞ്ഞെടുപ്പ് നടപടികള്‍ സ്റ്റേ ചെയ്തിരുന്നു.
















