ആലപ്പുഴ: സമൂഹത്തില്‍ നിന്നും കാട്ടാളത്തെ ഉന്മൂലനം ചെയ്ത് ധര്‍മ്മം പുനസ്ഥാപിക്കുകയെന്നതാണ് യഥാര്‍ത്ഥ മാദ്ധ്യമ ധര്‍മ്മമെന്ന് തപസ്യാകലാ സാംസ്‌കാരിക സമിതി സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി പി.ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
വിശ്വസംവാദ കേന്ദ്രം സംഘടിപ്പിച്ച നാരദ ജയന്തി ആഘോഷം ആലപ്പുഴ പ്രസ് ക്ലബില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാമായണവും മഹാഭാരതവും എഴുതുവാന്‍ നാരദ മഹര്‍ഷിയാണ് പ്രചോദനം ആയത്.
ഏത് സമയത്ത് എവിടെയും എത്തിച്ചേരുവാന്‍ നാരദന് സാധിച്ചിരുന്നു. ഉള്ളത് പറയുന്നതുകൊണ്ട് പലരുടേയും അപ്രീതിയും സമ്പാദിച്ചിരുന്നു. ”മാനിഷാദ” എന്ന രാമായണത്തില്‍ പറയുന്നു. ഇത് ആദ്യം പറഞ്ഞത് നാരദ മഹര്‍ഷിയാണ്. അതുകൊണ്ടാണ് വിശ്വസംവാദ കേന്ദ്രം നാരദനെ യഥാര്‍ത്ഥ മാദ്ധ്യമ പ്രവര്‍ത്തകനായി കാണുന്നത്.
തിരുവനന്തപുരം പ്രസ് ക്ലബില്‍ നാരദന്റെ ചിത്രം ഇപ്പോഴും ഉണ്ട്. സമൂഹം ധര്‍മ്മത്തില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കണം. എങ്കില്‍ മാത്രമെ പത്ര ധര്‍മ്മവും സാധിക്കുകയുള്ളുയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭാരതീയ വിചാരകേന്ദ്രം ജില്ലാ പ്രസിഡന്റ് ഡോ.ഡി.രാധാകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു. ആലപ്പുഴയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ എ.ഷൗക്കത്തിനെ ചടങ്ങില്‍ ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി കാ.ഭാ. സുരേന്ദ്രന്‍ ആദരിച്ചു.
പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ എസ്.സഞ്ജീവനേയും ആദരിച്ചു. ചടങ്ങില്‍ ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സി. സുധീര്‍ബാബു, ആര്‍എസ്എസ് വിഭാഗ് പ്രചാര്‍ പ്രമുഖ് ജെ.മഹാദേവന്‍, ജില്ലാ പ്രചാര്‍ പ്രമുഖ് കെ.ആര്‍.സുബ്രഹ്മണ്യന്‍, തപസ്യ ജില്ലാ സെക്രട്ടറി അഡ്വ. വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. എ. ഷൗക്കത്ത് മറുപടി പ്രസംഗം നടത്തി.
















