മാന്നാര്‍: സൈനികനെ അവധിക്ക് നാട്ടില്‍ വരവെ യാത്രാമദ്ധ്യേ ട്രയിനില്‍ നിന്ന് കാണാതായതായി പരാതി. മാന്നാര്‍ കുട്ടംപേരൂര്‍ നല്ലവീട്ടില്‍ കിഴക്കേതില്‍ സുരേഷ്‌കുമാറി(44)നെയാണ് കാണാതായത്. അര്‍ദ്ധസൈനിക വിഭാഗമായ ഗ്രഫില്‍ ഡ്രൈവറായി ജോലി ചെയ്ത് വന്നിരുന്ന അദ്ദേഹം അവധിക്കായി 15-നാണ് യാത്ര തിരിച്ചത്. ഇവിടെ ജോലി ചെയ്യുന്ന സുഹൃത്തായ കായംകുളം സ്വദേശിക്കൊപ്പം റങ്കിയാ-ഗോഹട്ടി ബാംഗ്ലൂര്‍ എക്‌സ്പ്രസില്‍ യാത്ര ചെയ്യവെ ചെന്നൈയില്‍ വച്ച് കാണാതായിട്ടാണ് വീട്ടുകാര്‍ക്ക് സുഹൃത്ത് നല്‍കിയ വിവരം. ഇയാളുടെ ബാഗും മറ്റ് സാധനങ്ങളും സുഹൃത്ത് വീട്ടുകാരെ ഏല്‍പ്പിക്കുകയും ചെയ്തു.
സുഹൃത്ത് ട്രയിനില്‍ ഉറക്കമായിരുന്നുവെന്നും കോയമ്പത്തൂരിന് സമീപം വച്ച് ഉണര്‍ന്നപ്പോള്‍ കൂടെയുണ്ടായിരുന്നയാള്‍ ചെന്നൈയില്‍ ഇറങ്ങി പോയെന്ന് സഹയാത്രകര്‍ പറഞ്ഞതായി പരാതിയില്‍ പറയുന്നു. ഇത് സംബന്ധിച്ച് സുരേഷിന്റെ അമ്മ തങ്കമ്മയും ഭാര്യ ബിന്ദുവും മാന്നാര്‍ പോലീസിലും കോട്ടയം റെയില്‍വേ പോലീസിലും പരാതി നല്‍കി. റെയില്‍വേ പോലീസ് ഇത് സംബന്ധിച്ച് അന്വേഷണം നടത്തി വരുന്നു.
















