കുന്‍ഷാന്‍ (ചൈന): വനിതകള്‍ക്കായുള്ള യൂബര്‍ കപ്പ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വെങ്കലം. സെമിയില്‍ കരുത്തരായ ചൈനയോട് പരാജയപ്പെട്ടതോടെയാണ് വെങ്കലം കൊണ്ട് തൃപ്തിയടയേണ്ടിവന്നത്. കഴിഞ്ഞ തവണയും ഇന്ത്യന്‍ വനിതകള്‍ വെങ്കലമാണ് നേടിയത്. 2014-ല്‍ ജപ്പാനായിരുന്നു ഇന്ത്യയെ പരാജയപ്പെടുത്തിയത്.
ഇന്നലെ ആദ്യ സിംഗിള്‍സില്‍ ഇന്ത്യന്‍ സൂപ്പര്‍ താരം സൈന നെഹ്‌വാള്‍ മൂന്ന് ഗെയിം നീണ്ടുനിന്ന വാശിയേറിയ പോരാട്ടത്തില്‍ ലി സുറേയിയോട് പരാജയപ്പെട്ടു. 21-15, 12-21, 21-17 എന്ന ക്രമത്തിലാണ് സൈന പരാജയപ്പെട്ടത്. രണ്ടാം സിംഗിള്‍സില്‍ പി.വി. സിന്ധു നേരിട്ടുള്ള ഗെയിമുകള്‍ക്ക് വാങ് ഷിഹിയാനോടും കീഴടങ്ങി. സ്‌കോര്‍: 21-13, 23-21. ആദ്യ ഡബിള്‍സില്‍ ജ്വാല ഗുട്ട-അശ്വിനി പൊന്നപ്പ സഖ്യം ഒന്നു പൊരുതാന്‍ പോലും കഴിയാതെ ചൈനീസ് ജോഡികളായ ടിയാന്‍ ക്വിങ്, സൊ യുന്‍ലീ സഖ്യത്തോട് 21-6, 21-6 എന്ന സ്‌കോറിന് പരാജയപ്പെട്ടതോടെയാണ് ഇന്ത്യയുടെ പുറത്തേക്കുള്ള വഴി തുറക്കുകയും ചെയ്തു.
















