തായ്‌പേയ് സിറ്റി (തായ്‌വാന്‍): ഇന്ത്യന്‍ സ്പ്രിന്റ് താരം ദ്യുതി ചന്ദിന് 100 മീറ്ററില്‍ സ്വര്‍ണ്ണം. തായ്‌വാന്‍ ഓപ്പണ്‍ അത്‌ലറ്റിക് മീറ്റിലാണ് ദ്യൂതിചന്ദ് പൊന്നണിഞ്ഞത്. എന്നാല്‍ ഒളിമ്പിക്‌സ് യോഗ്യത നേടാന്‍ ദ്യുതിക്ക് കഴിഞ്ഞില്ല. 11.50 സെക്കന്റിലാണ് ദ്യുതി ഫിനിഷ് ലൈന്‍ കടന്നത്. ഒളിമ്പിക്‌സ് യോഗ്യത മാര്‍ക്ക് 11.32 സെക്കന്‍ഡ് അയിരുന്നു.
ബീജിംഗില്‍ നടന്ന ലോക അത്‌ലറ്റിക് ചലഞ്ചില്‍ പങ്കെടുത്ത ശേഷമാണ് ദ്യുതി നേരെ തായ്‌വാനില്‍ എത്തുകയായിരുന്നു. അടുത്ത മാസം ഹൈദരാബാദില്‍ നടക്കുന്ന അന്തര്‍സംസ്ഥാന ചാമ്പ്യന്‍ഷിപ്പും കസാക്കിസ്ഥാനിലും കിര്‍ഗിസ്ഥാനിലും നടക്കുന്ന മത്സരങ്ങളുമാണ് ദ്യുതിക്ക് ഒളിമ്പിക്‌സ് യോഗ്യത നേടാനുള്ള അടുത്ത അവസരങ്ങള്‍.
കഴിഞ്ഞ മാസം ദല്‍ഹിയില്‍ നടന്ന ഫെഡറെഷന്‍ കപ്പ് അത്‌ലറ്റിക്‌സില്‍ ദ്യുതിക്കു ഒളിമ്പിക്‌സ് യോഗ്യത നഷ്ടമായത് സെക്കന്‍ഡിന്റെ നൂറിലൊരംശത്തിനായിരുന്നു. ദല്‍ഹിയില്‍ 11.33 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ദ്യുതി പുതിയ ദേശീയ റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു.
















