ന്യൂദൽഹി: മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ ഇത്തവണ ഉണ്ടാകില്ല. ഇത് സംബന്ധിച്ച് ഓർഡിനൻസ് ഇറക്കാൻ കേന്ദ്ര കാബിനറ്റ് തീരുമാനിച്ചു. രാഷ്‌ട്രപതി അംഗീകരിച്ചാൽ ഓർഡിനൻസ് പ്രാബല്യത്തിൽ വരും. വെള്ളിയാഴ്ച ചേർന്ന കേന്ദ്ര മന്ത്രിസഭായോഗമാണ് ഓർഡിനൻസിന് അംഗീകാരം നൽകിയത്. ഓർഡിനൻസ് അനുസരിച്ച് നീറ്റ് അടുത്ത വർഷം മുതൽ മതിയാവും.
14 സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരുമായി കേന്ദ്രസർക്കാർ നടത്തിയ കൂടിയാലോചനകൾക്കുശേഷമാണ് ഓർഡിനൻസ് പുറപ്പെടുവിക്കാൻ തീരുമാനിച്ചത്. പരീക്ഷയുടെ കാര്യത്തിൽ നിലനിൽക്കുന്ന അനിശ്ചിതാവസ്ഥ വിദ്യാർഥികളിൽ മാനസിക സമ്മർദമുണ്ടാക്കുന്നതായി സംസ്ഥാനങ്ങളുടെ പ്രതിനിധികൾ ചൂണ്ടിക്കാട്ടിയിരുന്നു.
ഈ വർഷം മെഡിക്കൽ ഡെന്റൽ കോളേജുകളിൽ പ്രവേശനം ആഗ്രഹിക്കുന്ന മുഴുവൻ വിദ്യാർഥികളും നാഷണൽ എലിജിബിലിറ്റി എൻട്രൻസ് ടെസ്റ്റ് (നീറ്റ് ) എഴുതണമെന്ന് സുപ്രീം കോടതി കഴിഞ്ഞ മാസം 11നാണ് ഉത്തരവിട്ടത്.
എന്നാൽ പല സംസ്ഥാനങ്ങളും തങ്ങളുടെ പ്രവേശന പരീക്ഷ നടത്തി കഴിഞ്ഞതിനാൽ ഈ വർഷത്തേക്ക് അഡ്മിഷൻ നടത്താൻ അനുവദിക്കണമെന്നു കാണിച്ച് വിവിധ സംസ്ഥാനങ്ങൾ സുപ്രീം കോടതിയിൽ ഹർജി നൽകി. ഈ ഹർജി സുപ്രീം കോടതി തള്ളിയതിനെ തുടർന്നാണ് കേന്ദ്രം ഓർഡിനൻസിന് സാധ്യത തേടിയത്.
















