മുംബൈ: യൂത്ത് കോണ്‍ഗ്രസ് മഹാരാഷ്‌ട്ര യൂണിറ്റ് സെക്രട്ടറി ഷെഹ്‌സാദ് പൂനെവാലയും സഹോദരന്‍ തഹ്‌സിനുംസംഘടിപ്പിച്ച പാര്‍ട്ടി പരിപാടി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ വിശ്വജിത്ത് കദമും സംഘവും ചേര്‍ന്ന് അലങ്കോലമാക്കി.
ഷെഹ്‌സാദ് പൂനെവാലയും സഹോദരന്‍ തഹ്‌സിനും രാഹുലിന്റെ അളിയനും സോണിയയുടെ മരുമകനുമായ റോബര്‍ട്ട് വാദ്രയുടെ ബന്ധുക്കളാണ്. പരിപാടിയില്‍ കദമിനെ തഴഞ്ഞുവെന്നരോപിച്ചായിരുന്നു ബഹളം. മുന്‍കേന്ദ്രമന്ത്രിയും എംപിയുമായ ശശി തരൂരിന്റെ സാന്നിധ്യത്തിലായിരുന്നു ബഹളം.
വാദ്രയുടെ കസിന്‍ സഹോദരി മോണിക്കയെ വിവാഹം കഴിച്ചത് പൂനെവാല സഹോദരന്മാരിലെ തെഹ്‌സിനാണ്. കോണ്‍ഗ്രസ് ഭവനില്‍ നടന്ന, പാര്‍ട്ടി പരിപാടി വാദ്രയുടെ ബന്ധുക്കളായ തഹ്‌സിനും ഷെഹ്‌സാദും അപ്പാടെ കൈയടക്കി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കദമും അനുയായികളും പൂര്‍ണ്ണമായി തഴയപ്പെട്ടു. പരിപാടി തുടങ്ങിയയുടന്‍ കദമും കൂട്ടരും പൂനെവാല സഹോദരന്മാര്‍ക്ക് എതിരെ മുദ്രാവാക്യം വിളി തുടങ്ങി. അവര്‍ തരൂരിനോട് പരാതിയും പറഞ്ഞു.
സോണിയക്ക് എതിരായ കോപ്ടര്‍ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ദല്‍ഹിയില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ നടന്ന പ്രകടനത്തില്‍ കോണ്‍ഗ്രസ് നേതാക്കളായ സോണിയ, രാഹുല്‍ എന്നിവരുടെ ചിത്രങ്ങള്‍ക്ക് ഒപ്പം വാദ്രയുടെ ചിത്രവും ഫഌകസില്‍ സ്ഥാനം പിടിച്ചിരുന്നു. ഇത് പാര്‍ട്ടിയില്‍ വലിയ ചര്‍ച്ചയായിരുന്നു. മലയാളത്തിലെ മിക്ക മാധ്യമങ്ങളും ഈ വാര്‍ത്ത മുക്കിയെങ്കിലും ദേശീയ മാധ്യമങ്ങള്‍ അത് വലിയ പ്രാധാന്യത്തോടെ ചിത്ര സഹിതം നല്‍കിയിരുന്നു.
















