ഞാന്‍ കുറ്റവാളിയല്ല: പ്രഗ്യാ സിങ് താക്കൂര്‍
ന്യൂദല്‍ഹി: മലേഗാവ് സ്‌ഫോടനക്കേസില്‍ താന്‍ കുറ്റവാളിയല്ലെന്ന് സാധ്വി പ്രഗ്യ താക്കൂര്‍. മറിച്ച് ദേശഭക്തിയുള്ള ആളാണെന്നും രാജ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുമെന്നും അവര്‍ പറഞ്ഞു. ഉജ്ജൈനിയിലെ കുംഭമേളയില്‍ പങ്കെടുക്കവെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.
‘എന്‍ഐഎ ശരിയായ ദിശയിലാണ് മലേഗാവ് സ്‌ഫോടനക്കേസിന്റെ അന്വേഷണം നടത്തുന്നത്. താന്‍ കുറ്റവാളിയല്ല, നിരപരാധിയാണ്, ഉടന്‍ കേസില്‍ നിന്നും തനിക്ക് മോചനം ലഭിക്കുമെന്നാണ് കരുതുന്നത്’ സാധ്വി പറഞ്ഞു. കേസിന്റെ അന്വേഷണം വൈകിപ്പിക്കുന്നത് തീര്‍ത്തും നീതിക്ക് നിരക്കാത്തതാണ്, അന്യായമാണ്. സാധ്വി കൂട്ടിച്ചേര്‍ത്തു.
എന്‍ഐഎ ഏജന്‍സി തനിക്ക് ക്ലീന്‍ ചിറ്റ് നല്‍കി, കേസിന്റെ നടത്തിപ്പില്‍ തനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ട്. അന്നും ഇന്നും താന്‍ ക്രിമിനല്‍ അല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും സാധ്വി പറഞ്ഞു. കഴിഞ്ഞ മെയ് 13ന് പ്രഗ്യ താക്കൂറിനെയും മറ്റ് പ്രതികളെന്ന് കരുതുന്ന അഞ്ച് പേരെയും എന്‍ഐഎ കുറ്റപത്രത്തില്‍ നിന്നും തെളിവില്ലാത്തതിനാല്‍ ഒഴിവാക്കിയിരുന്നു. നേരത്തെ ഇവര്‍ക്കെതിരെ മക്കോക നിയമ പ്രകാരം കുറ്റം ചുമത്തിയിരുന്നു.
















