ന്യൂദല്‍ഹി: ഓണ്‍ലൈന്‍ വഴി സ്ത്രീകളോട് മോശമായി പെരുമാറുന്നത് അവര്‍ക്കുനേരെയുള്ള ആക്രമണമായി കണക്കാക്കുമെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മനേക ഗാന്ധി. സ്വകാര്യ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് മനേക ഇക്കാര്യം വ്യക്തമാക്കിയത്. സ്ത്രീകള്‍ക്കു നേരെയുള്ള ഓണ്‍ലൈന്‍ ആക്രമണങ്ങളും അധിക്ഷേപങ്ങളും ഇപ്പോള്‍ വര്‍ധിച്ചു വരികയാണ്. അതുകൊണ്ടുതന്നെ ഇത് തടയുന്നതിനും സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമായി പ്രത്യേക സംവിധാനം കൊണ്ടുവരുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.
ഓണ്‍ലൈനില്‍ പെരുമാറ്റം സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു കത്തയച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. വിവാഹ പരസ്യം നല്‍കി സ്ത്രീകളെ കബളിപ്പിക്കുക, രാത്രിയും പകലും ഫോണിലൂടെ അസഭ്യം പറയുക, സ്ത്രീകളെ പരിഹസിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിപ്പിക്കുക തുടങ്ങിയവ ഇതിന്റെ പരിധിയില്‍ ഉള്‍പ്പെടും. കേന്ദ്ര ടെലികോം മന്ത്രാലവുമായി സഹകരിച്ചാണ് സ്ത്രീകള്‍ക്കുവേണ്ടിയുള്ള ഈ പ്രത്യേക സംവിധാനം പ്രവര്‍ത്തിക്കുക.
ശാരീരിക പീഡനം, മനുഷ്യക്കടത്ത്, സ്ത്രീധനം, തൊഴില്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ തുടങ്ങിവ പിരിഹരിക്കുന്നതിനായാണ് പുതിയ സംവിധാനം കൊണ്ടുവരുന്നത്. അടുത്ത 15 വര്‍ഷത്തേക്കുള്ള വനിതകളുടെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നതിനുവേണ്ടിയാണ് ഈ നയം.
ആക്രമണങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്തുന്നതിന് ഫോണ്‍ നിര്‍ണ്ണായക തെളിവുകളാണ്. അതിനാലാണ് ടെലിഫോണ്‍ മന്ത്രാലയവുമായി സഹകരിക്കുന്നത്. അതേസമയം വിവാഹത്തിനുശേഷമുള്ള പീഡനങ്ങള്‍ ഇന്ന് നിരവധി സംഭവിക്കുന്നുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച് പരാതി നല്‍കാന്‍ ഇതുവരെ ആരും തയ്യാറാകുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
















