കൊല്‍ക്കത്ത: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ നിര്‍ണായക പോരാട്ടത്തില്‍ കോഹ്‌ലി ബാറ്റിങ്ങിനിറങ്ങിയത് പരിക്ക് വകവെക്കാതെ. ഫീല്‍ഡിങ്ങിനിടെ പരിക്കേറ്റ കോഹ്‌ലി കൈയില്‍ തുന്നിക്കെട്ടുമായാണ് ബാറ്റിങ്ങിനിറങ്ങിയത്.
ആന്ദ്രെ റസലിനെ ഡൈവിങ് ക്യാച്ചിലൂടെ പുറത്താക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കോഹ്‌ലിയുടെ ഇടതുകൈക്ക് പരിക്കേറ്റത്. എന്നാല്‍ പരിക്കൊന്നും കോഹ്‌ലിയെ തളര്‍ത്തിയില്ല. ടീമിന് വിജയം അനിവാര്യമാണെന്ന് കണ്ട് കോഹ്‌ലി ബാറ്റിങ്ങിനിറങ്ങുകയായിരുന്നു. കൈയ്യില്‍ ഏഴു തുന്നിക്കെട്ടുകള്‍ ഉണ്ടെങ്കിലും ബുധനാഴ്‌ച്ച കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ നിര്‍ണായകമത്സരത്തില്‍ കളിക്കാനിറങ്ങുമെന്ന് കോഹ്‌ലി വ്യക്തമാക്കി.
ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദ്ദേശിച്ചെങ്കിലും കോഹ്‌ലി കളിക്കാനിറങ്ങുമെന്നു തന്നെയാണ് ചലഞ്ചേഴ്‌സ് ടീം മാനേജര്‍ അവിനാഷ് വൈദ്യയും ഉറപ്പിച്ചുപറയുന്നത്. ഇന്ന് കിങ്‌സ് ഇലവന്‍ പഞ്ചാബുമായാണ് റോയല്‍ ചലഞ്ചേഴ്‌സിന്റെ അടുത്ത മത്സരം.
















