തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ദിനത്തില്‍ വോട്ടര്‍മാരെ പോളിങ് കേന്ദ്രത്തിലെത്തിക്കുന്നത് ഉള്‍പ്പെടെയുള്ള ബൂത്തുതല പ്രവര്‍ത്തനങ്ങളില്‍ ബിജെപി പ്രവര്‍ത്തകരുടെ സജീവമായ സാന്നിദ്ധ്യമാണ് ജില്ലയിലുടനീളം കാണാന്‍ സാധിച്ചത്. പൊതുവെ മേല്‍ത്തട്ട് പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ബിജെപി ഇക്കുറി അടിത്തട്ട് പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു.
തെരഞ്ഞെടുപ്പിനെ നേരിടാന്‍ ബിജെപിയും പഠിച്ചു എന്ന് ഇടതു വലത് മുന്നണികള്‍ വരെ രഹസ്യമായി സമ്മതിക്കുന്നു. ജില്ലയിലെ നഗരകേന്ദ്രങ്ങളില്‍ നിന്ന് അകന്ന് സ്ഥിതിചെയ്യുന്ന മണ്ഡലങ്ങളായ പാറശാല, നെയ്യാറ്റിന്‍കര, കോവളം, നെടുമങ്ങാട്, കാട്ടാക്കട തുടങ്ങിയ പ്രദേശങ്ങളിലെ തെരഞ്ഞെടുപ്പ് ദിവസത്തെ ബിജെപിയുടെ പ്രവര്‍ത്തനം ഇരുമുന്നണികളുടെയും കണക്കുകൂട്ടലുകള്‍ തെറ്റിച്ചു.
പോളിങ് ബൂത്തിലെ ബിജെപി ഇന്‍ എജന്റില്‍ തുടങ്ങി സാധാരണ പ്രവര്‍ത്തകര്‍ വരെ ഓരോ ബൂത്തിലും സജീവമായിരുന്നു. സാധാരണ വോട്ട് ചെയ്യാന്‍ പരസഹായം ഇല്ലാതെ എത്താന്‍ കഴിയാത്തവരെ വീട്ടില്‍ എത്തി വോട്ട് ചെയ്യിക്കാന്‍ കൊണ്ടുപോകുന്നത് ഇടതുവലതു പാര്‍ട്ടിക്കാരാണ്. എന്നാല്‍ അവിടെയും ബിജെപി പ്രവര്‍ത്തകര്‍ സജീവമായിരുന്നു. പല വാര്‍ഡുകളിലും വോട്ടര്‍മാരെ തേടിയെത്തിയ മുന്നണി പ്രവര്‍ത്തകര്‍ക്ക് കാണാന്‍ സാധിച്ചത് ബിജെപി പ്രവര്‍ത്തകരോടൊപ്പം വോട്ട് ചെയ്ത് മടങ്ങുന്ന വോട്ടര്‍മാരെയാണ്. വോട്ടര്‍മാരെ സഹായിക്കുന്നതിലും അവരുടെ സംശയങ്ങള്‍ ദൂരികരിക്കുന്നതിലും സ്ലിപ്പുകള്‍ ലഭിക്കാത്തവര്‍ക്ക് അതു നല്‍കുന്നതിലും ഗ്രാമീണ മണ്ഡലങ്ങളിലെ ബിജെപി ബൂത്തുകളില്‍ പ്രവര്‍ത്തകര്‍ കര്‍മ്മനിരതരായിരുന്നു. മറ്റു മുന്നണികളുടെ ബൂത്തുകളില്‍ ഇരിക്കാന്‍ ആളില്ലാതിരുന്ന സാഹചര്യത്തിലും ബിജെപി ബൂത്തുകള്‍ തെരഞ്ഞെടുപ്പ് സമാപിക്കുന്നതുവരെയും സജീവമായിരുന്നു.
പോളിങ് സാമഗ്രികള്‍ കൊണ്ടുപോയ ശേഷം രാത്രി ഏറെ വൈകിയും ബിജെപിയുടെ ബൂത്തുകളില്‍ കൂട്ടലുംകുറയ്‌ക്കലുമായി പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നു. മുമ്പെങ്ങും കാണാത്ത വിധത്തിലായിരുന്നു ബിജെപിയുടെ തെരഞ്ഞെടുപ്പ് നാളിലെ പ്രവര്‍ത്തനം.
















