കണ്ണൂര്‍: തെരഞ്ഞെടുപ്പിന്റെ തലേനാളായ ഇന്നലെ നിശബ്ദ പ്രചാരണ നാളില്‍ വിശ്രമമില്ലാതെ സ്ഥാനാര്‍ത്ഥികള്‍. മത്സരരംഗത്തുളള മൂന്ന് മുന്നണികളുടേയും സ്ഥാനാര്‍ത്ഥികളും മറ്റ് സ്ഥാനാര്‍ത്ഥികളും നിശബ്ദ പ്രചാരണ ദിവസമായ ഇന്നലെ വോട്ടര്‍മാരെ നേരില്‍ക്കണ്ട് വോട്ടഭ്യര്‍ത്ഥന നടത്തുന്ന തിരക്കിലായിരുന്നു. എന്‍ഡിഎ സ്ഥാനാര്‍ത്ഥികളും നേതാക്കളും പ്രവര്‍ത്തകരും ഇന്നലെ രാവിലെ മുതല്‍ ജില്ലയിലെ ഒട്ടുമിക്ക വീടുകളിലുമെത്തി ഗൃഹസമ്പര്‍ക്ക യഞ്ജം നടത്തി. നിശബ്ദ പ്രചാരണവും ഇന്നലെ അവസാനിച്ചതോടെ ഇന്ന് രാവിലെ 8 മണിമുതല്‍ വിധിയെഴുത്തിനായി ജനാധിപത്യത്തിന്റെ അടിസ്ഥാനമായ വോട്ടവകാശം വിനിയോഗിക്കാന്‍ വോട്ടര്‍മാര്‍ വോട്ടെടുപ്പ് കേന്ദ്രങ്ങളിലേക്ക് നീങ്ങും.
കണ്ണൂര്‍ നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ.ജി.ബാബു ഇന്നലെ കാലത്ത് മുതല്‍ ചൊവ്വ ഭാഗങ്ങളില്‍ ഗൃഹസമ്പര്‍ക്കം നടത്തി. പിന്നീട് നഗരത്തിലെ ഫ്‌ളാറ്റുകളിലും മറ്റും താമസിക്കുന്ന വോട്ടര്‍മാരെ നേരില്‍ക്കണ്ട് വോട്ടഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് റിച്ചാര്‍ഡ് ഹെ എംപിയോടൊപ്പം കണ്ണൂര്‍ സെന്റ് തേരേസാസ് സ്‌കൂള്‍, വിവിധ പള്ളികള്‍ എന്നിവ സന്ദര്‍ശിച്ചു. മണ്ഡലത്തിലെ പ്രധാന വോട്ടര്‍മാരെ നേരില്‍ക്കണ്ട് വോട്ടഭ്യര്‍ത്ഥിച്ച ശേഷം രാത്രിയോടെ വീട്ടിലേക്ക് മടങ്ങി.
പയ്യന്നൂര്‍ നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആനിയമ്മ ടീച്ചര്‍ കഴിഞ്ഞദിനസം തിരുമേനി ഭാഗങ്ങളിലുണ്ടായ കാറ്റില്‍ നാശനഷ്ടം സംഭവിച്ച മേഖലകള്‍ സന്ദര്‍ശിച്ച ശേഷം പെരിങ്ങോം-വയക്കര പഞ്ചായത്തില്‍ ഗൃഹസമ്പര്‍ക്കം നടത്തി. വൈകുന്നേരം പയ്യന്നൂര്‍ ടൗണില്‍ പ്രധാന വ്യക്തികളെ കണ്ട് വോട്ടഭ്യര്‍ത്ഥിച്ചു.
കല്യാശ്ശേരി മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ.പി.അരുണ്‍ കുമാര്‍ ഇന്നലെ രാവിലെ ചെറുതാഴം രാഘവപുരം ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം ചെറുതാഴം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ ഗൃഹസമ്പര്‍ക്കം നടത്തി. ഉച്ചക്ക് ശേഷം മണ്ഡലത്തിലെ നൂറോളം വരുന്ന ബൂത്തുകളില്‍ സന്ദര്‍ശനം നടത്തി പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി.
അഴീക്കോട് മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ.എ.വി.കേശവന്‍ ഇന്നലെ കാലത്ത് മുതല്‍ പള്ളിക്കുന്ന്, പുഴാതി, അഴീക്കോട് ഭാഗങ്ങളില്‍ ഗൃഹസമ്പര്‍ക്കം നടത്തി. തുടര്‍ന്ന് മണ്ഡലത്തിലെ പ്രധാന പ്രവര്‍ത്തകരെ കണ്ട് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും കീ-വോട്ടേഴ്‌സിനെ കാണുകയും ചെയ്തു.
തളിപ്പറമ്പ് മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി.ബാലകൃഷ്ണന്‍ മാസ്റ്റര്‍ ഇന്നലെ രാവിലെ പരിയാരം പഞ്ചായത്തിലെ വടക്കേമൂല കോളനി സന്ദര്‍ശിച്ചു. പിന്നീട് കൊളച്ചേരി, പരിയാരം എന്നിവിടങ്ങളിലെ മരണവീടുകള്‍ സന്ദര്‍ശിച്ച ശേഷം മണ്ഡലത്തിലെ പ്രധാനവ്യക്തികളെ കണ്ട് വോട്ടഭ്യര്‍ത്ഥന നടത്തി.
ഇരിക്കൂര്‍ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ.പി.ഗംഗാധരന്‍ ഇന്നലെ രാവിലെ കൂനം, കുളത്തൂര്‍, കൊയ്യം, പാറക്കാടി തുടങ്ങിയ മേഖലകളില്‍ ഗൃഹസമ്പര്‍ക്കം നടത്തി. ഉച്ചക്ക് ശേഷം അരിവിളഞ്ഞ പൊയില്‍, തുവരക്കാട് കോളനി എന്നിവിടങ്ങിലെ കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു.
തലശ്ശേരി മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി.കെ.സജീവന്‍ ഇന്നലെ രാവിലെ മുതല്‍ മൂഴിക്കര, സെന്റ് ജോസഫ് ചര്‍ച്ച്, ബിഷപ്പ് ഹൗസ് തുടങ്ങിയവ സന്ദര്‍ശിച്ചു. ലോക്‌സഭാ എംപി റിച്ചാര്‍ഡ് ഹെയും ഒപ്പമുണ്ടായിരുന്നു. തുടര്‍ന്ന് ഇടത്തിലമ്പലത്തില്‍ സിപിഎമ്മുകാര്‍ അക്രമിച്ചു തകര്‍ത്ത അഞ്ച് വീടുകള്‍ റിച്ചാര്‍ഡ് ഹെ എംപിയോടൊപ്പം സന്ദര്‍ശിച്ചു. ടൗണിലെ പ്രധാന വ്യക്തികളെയും പ്രധാന വ്യാപാരസ്ഥാപനങ്ങളിലും വോട്ടഭ്യര്‍ത്ഥന നടത്തി.
ധര്‍മ്മടം മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി മോഹനന്‍ മാനന്തേരി ഇന്നലെ ചെമ്പിലോട്, പെരളശ്ശേരി, ധര്‍മ്മടം, കടമ്പൂര്‍ പഞ്ചായത്തുകളിലെ പ്രധാന വോട്ടര്‍മാരെ കണ്ട് വോട്ടഭ്യര്‍ത്ഥച്ചു. ചില മേഖലകളില്‍ ഗൃഹസമ്പര്‍ക്കം നടത്തുകയും മണ്ഡലത്തിലെ പ്രധാന സ്ഥാപനങ്ങളില്‍ വോട്ടഭ്യര്‍ത്ഥന നടത്തുകയും ചെയ്തു.
പേരാവൂര്‍ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി പൈലി വാത്ത്യാട്ടിന് ഇന്നലെ വിശ്രമമില്ലാത്ത ദിവസമായിരുന്നു. തന്റെ നാടായ കേളകത്തും തുടര്‍ന്ന് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലും തന്റെ കുടുംബക്കാരേയും സുഹൃത്തുക്കളെയും മറ്റും കണ്ടു തന്റെ വോട്ട് ഉറപ്പിക്കുവാനാണ് അദ്ദേഹം ശ്രമിച്ചത്.
തുടര്‍ന്ന് കൊട്ടിയൂര്‍, കണിച്ചാര്‍, ആറളം, പായം പഞ്ചായത്തിന്റെ വിവിധയിടങ്ങളില്‍ വിവിധ വ്യക്തികളെയും അവരുടെ കുടുംബങ്ങളെയും കണ്ടു അദ്ദേഹം വോട്ടുറപ്പിച്ചു. ബിജെപി, ബിഡിജെഎസ് നേതാക്കളില്‍ ചിലരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
















