കൊല്‍ക്കത്ത: മഴ ഇടങ്കോലിട്ട മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് എട്ടു വിക്കറ്റിന് തോറ്റ് പൂനെ സൂപ്പര്‍ജെയ്ന്റ്‌സ് ഐപിഎല്ലില്‍ നോക്കൗട്ടിലെത്താതെ പുറത്ത്. ശേഷിച്ചിരുന്ന നേരിയ പ്രതീക്ഷയും കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തോടെ അവസാനിച്ചു. ഈ സീസണില്‍ അരങ്ങേറ്റം കുറിച്ച പൂനെ പുറത്താകുന്ന ആദ്യ ടീമുമായി. 12 കളികളില്‍ മൂന്നു ജയത്തോടെ ആറു പോയിന്റ് പൂനെയുടെ സമ്പാദ്യം. അവശേഷിക്കുന്ന രണ്ടു മത്സരത്തില്‍ ജയിച്ചാല്‍ പോലും ലീഗില്‍ മുന്നിലുള്ള ടീമുകള്‍ക്കൊപ്പമെത്താനാകില്ല ഇന്ത്യന്‍ നായകന്‍ എം.എസ്. ധോണി നയിക്കുന്ന പൂനെയ്‌ക്ക്. ജയത്തോടെ 11 കളികളില്‍ 14 പോയിന്റുമായി കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു.
ആദ്യം ബാറ്റ് ചെയ്ത പൂനെ 17.4 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സ് എടുത്തുനില്‍ക്കെ മഴയെത്തി. 33 റണ്‍സെടുത്ത ജോര്‍ജ് ബെയ്‌ലി പൂനെയുടെ ടോപ് സ്‌കോറര്‍. പിന്നീട് കൊല്‍ക്കത്തയുടെ വിജയലക്ഷ്യം ഡക്ക്‌വര്‍ത്ത് – ലൂയിസ് നിയമപ്രകാരം പുനര്‍നിര്‍ണയിച്ചു. ഒന്‍പത് ഓവറില്‍ 66 റണ്‍സ് മതിയായിരുന്ന കൊല്‍ക്കത്ത അഞ്ചോവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്‌പ്പെടുത്തി ലക്ഷ്യം പിന്നിട്ടു. 18 പന്തില്‍ നാലു ഫോറും മൂന്നു സിക്‌സറും പറത്തി പുറത്താകാതെ 37 റണ്‍സെടുത്ത യൂസഫ് പഠാനാണ് കളി കൊല്‍ക്കത്തയ്‌ക്ക് അനുകൂലമാക്കിയത്. 15 റണ്‍സുമായി മനീഷ് പാണ്‌ഡെയും പുറത്താകാതെ നിന്നു. ഗംഭീറും ഉത്തപ്പയും തുടക്കത്തിലേ മടങ്ങിയ ശേഷമായിരുന്നു പഠാന്റെ പ്രകടനം.
ചെന്നൈ സൂപ്പര്‍കിങ്‌സിനൊപ്പം വിജയങ്ങളുടെ തോഴനായിരുന്ന ധോണിക്ക് പൂനെയ്‌ക്കൊപ്പമുള്ള ആദ്യ സീസണ്‍ തന്നെ കയ്‌പ്പേറിയതായി. ഇനിയുള്ള രണ്ടു കളികളും ജയിച്ച് അവസാന സ്ഥാനക്കാരെന്ന നാണക്കേട് ഒഴിവാക്കുകയാകും പൂനെയുടെ അടുത്ത ലക്ഷ്യം.
















