
ചെറുപുഴ: വേനല്‍മഴയിലും കാറ്റിലും വീടിനുമുകളില്‍ മരം ഒടിഞ്ഞുവീണ് വയോധികക്ക് ഗുരുതരമായി പരിക്കേറ്റു.ചെറുപുഴ പഞ്ചായത്തിലെ രാജഗിരി ഇടക്കോളനിയില്‍ പള്ളിവീട്ടില്‍ ശാന്ത(65)ക്കാണ് പരിക്കേറ്റത്. ഇവരെ പരിയാരം മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകുന്നേരം ആറരയോടെയായിരുന്നു അപകടം. ബ്ലോക്ക് പഞ്ചായത്തിന്റെ ഐ എ വൈ പദ്ധതിയിലുള്‍പ്പെടുത്തി ലഭിച്ച വീടിന്റെ പണി പൂര്‍ത്തിയാകാത്തതിനാല്‍ താല്‍കാലികമായി കെട്ടിയുണ്ടാക്കിയ പല്‍സ്റ്റിക് മേഞ്ഞ ഓലഷെഡിലാണ് ഇവര്‍ താമസിക്കുന്നത്. ഇതിനുമുകളിലേക്ക് തൊട്ടടുത്തുണ്ടായിരുന്ന റബ്ബര്‍ മരം പൊട്ടിവീഴുകയായിരുന്നു. ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന മകനും ഭാര്യയും മക്കളും തൊട്ടടുത്ത വീട്ടിലേക്ക് പോയ സമയത്താണ് അപകടമുണ്ടായത്. നാട്ടുകാര്‍ ഉടന്‍തന്നെ പരിയാരം മെഡിക്കല്‍ കോളേജിലെത്തിക്കുകയായിരുന്നു.
പെരിന്തട്ടയിലെ കളരി തിടില്‍ ചന്ദ്രന്റെ ഓടിട്ട വീട് കനത്ത കാറ്റിലും മഴയിലും തകര്‍ന്നു. വ്യാഴാഴ്ച വൈകുന്നേരം ആറരയോടെയായിരുന്നു അപകടം. തെങ്ങ് പൊട്ടിവീഴുന്ന ശബ്ദം കേട്ട് വീട്ടിലുണ്ടായിരുന്നവര്‍ പുറത്തിറങ്ങിയതിനാല്‍ ആളപായമുണ്ടായില്ല.
.പ്രാപ്പൊയില്‍ കക്കോട്ടെ നിച്ചിക്കാട്ട് കല്യാണിയുടെ ഓടിട്ട വീട് തകര്‍ന്നു. കഴിഞ്ഞ രാത്രിയാണ് സംഭവം. ആളപായമുണ്ടായില്ല. വീടിന്റെ മേല്‍ക്കൂര ഭിത്തിയുള്‍പ്പെടെ പൂര്‍ണമായി തകര്‍ന്നു. നാലു ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പാറോത്തും നീരിലെ പലേരി ദേവിയുടെ വീടിന് മുകളില്‍ മരം വീണ് ഭാഗികമായി തകര്‍ന്നു.
















