തലശ്ശേരി: നിലവിളക്കിലെ ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്നവരുടെ വോട്ട് നേടി വിജയിച്ച് ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ പിന്നീട് നിലവിളക്കിനെ അപമാനിക്കുകയും ഹറാമായി കരുതുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇത്തരം സ്ഥാനാര്‍ത്ഥികള്‍ക്ക് ഇത്തവണ വോട്ട് നല്‍കില്ലെന്ന് തലശ്ശേരിയിലെ വീട്ടമ്മമാര്‍ ഉറച്ചതീരുമാനമെടുത്തതായി സൂചന. തലശ്ശേരി മണ്ഡലം ബിജെപി സ്ഥാനാര്‍ത്ഥി വി.കെ.സജീവന്റെ തെരഞ്ഞെടുപ്പ് പര്യടന പരിപാടിക്കിടെയാണ് ഭൂരിപക്ഷം വീട്ടമ്മമാരില്‍ നിന്നും ഇത്തരമൊരു തീരുമാനമെടുത്തതായി മനസ്സിലാക്കാന്‍ കഴിഞ്ഞത്.
മതേതരത്വത്തിന്റെയും രാഷ്‌ട്രീയത്തിന്റെയും മുന്നണികളുടെയും പേര് പറഞ്ഞ് ഇക്കാലമത്രയും വോട്ട് വാങ്ങി എംഎല്‍എയും എംപിയും മന്ത്രിമാരുമൊക്കെയായവര്‍ പിന്നീട് തന്നിഷ്ടപ്രകാരമാണ് പ്രവര്‍ത്തിച്ചിട്ടുള്ളതെന്ന് ഇവര്‍ രോഷത്തോടെയാണ് പറഞ്ഞത്. സര്‍ക്കാറിന്റെ പൊതുപരിപാടിയായി നടത്തുന്ന ഉദ്ഘാടനച്ചടങ്ങില്‍ നിലവിളക്ക് കൊളുത്താന്‍ തയ്യാറാവാതെ മതവിരുദ്ധമെന്ന് പറഞ്ഞ് മുഖംതിരിക്കുന്ന മന്ത്രിമാര്‍ അടക്കമുളളവരുടെ കപട മതേതരത്വം ഈ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും വീട്ടമ്മമാര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നനാള്‍മുതല്‍ എന്‍ഡിഎ നടത്തിവരുന്ന പ്രചാരണവും സ്ഥാനാര്‍ത്ഥിപര്യടനവും എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികളെക്കാള്‍ വളരെയേറെ മുന്നേറിക്കഴിഞ്ഞിരിക്കുകയാണ്. കൂടാതെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി.കെ.സജീവന്റെ എതിരാളികളായ മുന്നണി സ്ഥാനാര്‍ത്ഥികള്‍ രണ്ടുപേരും അടിസ്ഥാനപരമായി കമ്മ്യണിസ്റ്റ്-മാര്‍ക്‌സിസ്റ്റ് ചിന്താഗതിക്കാരാണ്. എല്‍ഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി എ.എന്‍.ഷംസീറാണെങ്കിലും യുഡിഎഫ് സ്ഥാനാര്‍ത്ഥി എ.പി.അബ്ദുള്ളക്കുട്ടിയും വിദ്യാഭ്യാസകാലം മുതല്‍ മാര്‍ക്,സിസ്റ്റുകാരാണ്. അടുത്ത കാലത്താണ് സിപിഎമ്മിലെ ചിലരുമായുണ്ടായ അഭിപ്രായ വ്യത്യാസത്തില്‍ അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസ്സിലേക്ക് ചേക്കേറിയത്. ഇത് കോണ്‍ഗ്രസ് ആശയത്തോടുള്ള അടുപ്പം കൊണ്ടൊന്നുമല്ലെന്ന് എല്ലാവര്‍ക്കും അറിയാവുന്ന നഗ്ന സത്യവുമാണ്. ഇപ്പോഴും ചില നിര്‍ണായക ഘട്ടങ്ങളില്‍ തന്റെ ഇടതുപക്ഷഹൃദയം അറിയാതെയാണെങ്കിലും അബ്ദുള്ളക്കുട്ടി തുറന്നുകാട്ടാറുണ്ട്. അതിന്റെ ഫലമാണ് അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസ്സിലെത്തിക്കാനും കണ്ണൂര്‍ സീറ്റ് നല്‍കി വിജയിപ്പിക്കാനും മുന്‍കൈയ്യെടുത്ത കെ.സുധാകരനുമായ ഇടയുന്നതിന് വഴിവെച്ചത്. ഇതൊക്കെ രണ്ട് മുന്നണിസ്ഥാനാര്‍ത്ഥികള്‍ക്കും തിരിച്ചടിയാവുമെന്നതില്‍ സംശയമില്ല. മറ്റു സ്ഥാനാര്‍ത്ഥികളാകട്ടെ തലശ്ശേരിയിലെ ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയില്‍പ്പോലും വരുന്നില്ല. എസ്ഡിപിഐയുടെ ജലാലുദ്ദീനും സോളിഡാരിറ്റിയുടെ ജുബീന ഇര്‍ഷാദുമാണ് മത്സരരംഗത്തുള്ളത്.
















