തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ തുഗ്ലക് പരിഷ്‌കാരങ്ങളുമായി എക്‌സിക്യൂട്ടീവ് ഓഫീസര്‍ മുന്നോട്ട്. ശീവേലി എഴുന്നെള്ളത്തിന്റെ സമയത്തു മാത്രം ചൊല്ലാറുള്ള കട്ടിയം (ഘട്യം) എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.എന്‍. സതീഷിന്റെ നിര്‍ദ്ദേശമനുസരിച്ച് ഇപ്പോള്‍ എല്ലാ ദിവസവും സന്ധ്യാദീപാരാധനയ്‌ക്കുശേഷം ദേവന്മാരുടെ മുമ്പില്‍ ക്ഷേത്രത്തിലെ ദാസന്മാര്‍ ചൊല്ലുന്നതാണ് പുതുതായി ഏര്‍പ്പെടുത്തിയ പരിഷ്‌കാരം. സംസ്‌കൃതം, തമിഴ് തുടങ്ങി പല ഭാഷകളില്‍ സ്വാതിതിരുനാള്‍ മഹാരാജാവ് എഴുതിയ ഹ്രസ്വസ്തുതികളാണു കട്ടിയങ്ങള്‍. ഓരോ ശീവേലിക്കും ഏതു കട്ടിയം ചൊല്ലണമെന്നു വരെ സ്വാതി തിരുനാള്‍ മഹാരാജാവു നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. എന്നാല്‍ എക്‌സിക്യൂട്ടീവ് ഓഫിസറുടെ നിര്‍ദ്ദേശമനുസരിച്ച് ഇപ്പോള്‍ ഒരു വ്യവസ്ഥയും കൂടാതെ എല്ലാദിവസവും ദീപാരാധനയ്‌ക്കു ശേഷം കട്ടിയം ചൊല്ലിത്തുടങ്ങിയിരിക്കുന്നു.
ശ്രീപദ്മനാഭനെ പള്ളിയുണര്‍ത്താന്‍ വേങ്കടേശ സുപ്രഭാതം പാടില്ലെന്നും മറിച്ചു ശ്രീപാദസൂക്തവും ശംഖനാദവും മാത്രമേ പാടുള്ളൂ എന്നും തന്ത്രി രേഖാമൂലം എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്കു നിര്‍ദ്ദേശം നല്‍കിയിട്ടും അതു നടപ്പിലാക്കാന്‍ അദ്ദേഹം കൂട്ടാക്കിയിരുന്നില്ല. ഒടുവില്‍ ക്ഷേത്ര ഭരണസമിതി അംഗവും പെരിയനമ്പിയുമായ ഉപ്പാര്‍ണ്ണം നരസിംഹന്‍ കുമാറാണു സുപ്രഭാതാലാപനം നിര്‍ത്തിച്ചത്. തന്ത്രി നിശ്ചയിക്കുന്നവരെക്കൊണ്ടു ശ്രീപാദസൂക്തം ചൊല്ലിക്കണമെന്ന തന്ത്രിയുടെ നിര്‍ദ്ദേശവും എക്‌സിക്യൂട്ടീവ് ഓഫീസര്‍ തൃണവത്ഗണിച്ചു. സുപ്രഭാതാലാപനം ചെയ്തിരുന്ന അതേ സംഘമാണ് ഇപ്പോള്‍ വേദമന്ത്രങ്ങളും ആഴ്‌വാന്മാരുടെ കൃതികളും ആലപിക്കുന്നത്. വളരെക്കാലം സുപ്രഭാതം ചൊല്ലിയതിനാല്‍ ശ്രീപദ്മനാഭസ്വാമിക്ക് ‘അന്യ മന്ത്ര യജന ദോഷം’ ബാധിച്ചിട്ടുണ്ടെന്നും പരിഹാരമായി ഋഗ്വേദവും യജുര്‍വേദവും പന്ത്രണ്ടുമുറ വീതം വേദജ്ഞന്‍മാരെക്കൊണ്ടു ജപിപ്പിക്കണമെന്നും പരിഹാരമായി തന്ത്രി വിധിച്ചിരുന്നു. എന്നാല്‍ തന്ത്രിയുടെ ഈ നിര്‍ദ്ദേശവും മാനിക്കാന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ തയ്യാറായിട്ടില്ല.
മഹാഭാരതകോണത്തു വച്ചു ‘യോഗത്തില്‍ പോറ്റി’മാരുടെ സാന്നിദ്ധ്യത്തില്‍ പുഷ്പാഞ്ജലി സ്വാമിയാര്‍ നമ്പിമാരെ ഓലക്കുട നല്‍കി അവരോധിക്കുന്ന രീതിയാണു ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ഉണ്ടായിരുന്നത്. എന്നാല്‍ സതീഷ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആയ ശേഷം ഗുരുവായൂര്‍ മോഡലില്‍ ദീക്ഷാകലശം കൂടി നമ്പി അവരോധത്തിന്റെ ഭാഗമാക്കിയിട്ടുണ്ട്.
ഭക്തരുടെ വഴിപാടായി എന്നും ചക്രാബ്ജപൂജ നടത്തുമെന്ന് സതീഷ് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇപ്പോള്‍ ഓരോ മാസവും ഒന്നോ രണ്ടോ ചക്രാബ്ജപൂജ മാത്രമാണുള്ളത്.
















