ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും സമ്പന്നമായ ഫുട്‌ബോള്‍ ക്ലബ് എന്ന ബഹുമതി സ്പാനിഷ് ടീം റയല്‍ മാഡ്രിഡിനു തന്നെ. തുടര്‍ച്ചയായ നാലാം വര്‍ഷമാണ് റയല്‍ മാഡ്രിഡ് ഈ ബഹുമതി സ്വന്തമാക്കുന്നത്. ലാ ലീഗയില്‍ റയലിന്റെ എതിരാളികളായ ബാഴ്‌സലോണ രണ്ടാം സ്ഥാനത്തും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മൂന്നാമതുമാണ്. അമേരിക്കയിലെ ബിസിനസ് മാഗസിനായ ഫോര്‍ബ്‌സാണ് പട്ടിക പുറത്ത് വിട്ടത്. ആദ്യത്തെ പത്ത് ടീമുകളില്‍ ആറെണ്ണവും ഇംഗ്ലീഷ് ക്ലബ്ബുകളാണ്.
3.6 ബില്യണ്‍ ഡോളറാണ് റയലിന്റെ മൂല്യം. ബാഴ്‌സയുടേത് 3.5 ബില്യണ്‍ ഡോളറും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റേത് 3.3 ബില്യണ്‍ ഡോളറും. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് പുറമെ ആഴ്‌സണല്‍, മാഞ്ചസ്റ്റര്‍ സിറ്റി, ചെല്‍സി, ലിവര്‍പൂള്‍, ടോട്ടനം എന്നിവരാണ് ഇംഗ്ലണ്ടില്‍ നിന്ന് ആദ്യ പത്തില്‍ ഇടംപിടിച്ചിട്ടുള്ളത്. ഇറ്റാലിയന്‍ ക്ലബ് ജുവന്റസ് ഒമ്പതാമത്. ആദ്യത്തെ ഇരുപത് ടീമുകള്‍ കൂടി കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 24 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ടെലിവിഷന്‍ കരാറില്‍ നിന്ന് കൂടുതല്‍ വരുമാനം ലഭിച്ചതാണ് ടീമുകള്‍ക്ക് നേട്ടമായത്.
















